Sunday, December 30, 2007

വേരുക‌‌ള്‍ തേടി..

അങ്ങനെ ഞാന്‍ സിംഗപ്പൂരിനോട് വിട ‌പറഞ്ഞു. ഞാന്‍ തിരികെ ചെല്ലാനായി എന്റെ ഗ്രാ‌മം കൊതിച്ചിട്ടൊന്നുമല്ല. ചെന്നിട്ട് ഒത്തിരി കാര്യമുള്ളതുകൊണ്ട് പോകുന്നു.വന്നിട്ട് ഒരു കൊല്ലമായെങ്കിലും സിംഗപ്പൂരുള്ള സതീഷിനോടും ബഹുവ്രീഹിയോടുമൊക്കെ സംസാരിയ്ക്കാന്‍ സാധിച്ചത് അടുത്തിടെ മാത്രം. വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് സതീഷിനെ വിളിച്ചു ചോദിച്ചു ഒന്നു കാണാന്‍ തര‌പ്പെടുമോ എന്ന്. ജോലിയില്‍ നിന്നും രാജി വെച്ച് വിടുതലായിനില്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു പണിയുമില്ലാതെയിരുന്നു എനിയ്ക്ക്.ജോലിത്തിരക്കിനിടയിലും അദ്ദേഹം വരാമെന്നേറ്റു. എന്റെ ഓഫീസ്സ് കെട്ടിടത്തിന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാ ടവേഴ്സ്സില്‍ വെച്ച് കാണാമെന്ന് ധാര‌ണയിലെത്തി. അതിന് തൊട്ടുമുന്‍പ് ഒരു ഫോണ്‍.

പേരു പറഞ്ഞു. മധുര‌മായ ശബ്ദം കേട്ടപ്പോഴെ ഞാന്‍ തിരിച്ചറിഞ്ഞു “ബഹുവ്രിഹി”. സതീഷ് എന്റെ ന‌മ്പര്‍ അദ്ദേഹത്തിന് കൊടുത്തിരുന്നു. ഞാന്‍ അവിടെ നിന്നും പോകുന്നത് ശരിയായില്ലെന്നും ഇത്ര നാളും പരിച‌യപ്പെടാതിരുന്നത് മോശമായിപ്പോയെന്നും സ്നേഹത്തൊടെ പറഞ്ഞു അദ്ദേഹം. പോകാന്‍ ഒന്നോ രണ്ടോ ദിവസങ്ങ‌ളേ മുന്‍പിലുള്ളായിരുന്നുവെന്നതുകോണ്ട് തമ്മില്‍ കാണാനുള്ള സാധ്യത കുറവാണെന്ന് ക്ഷമാപണ‌ത്തോടെ ഞാന്‍ പറഞ്ഞു. എങ്ങിനെയെങ്കിലും
എവിടെയെങ്കിലും വെച്ച് കാണാമെന്നേറ്റ് ഫോണ്‍ വെച്ചു.

സതീഷ് പറഞ്ഞ പ്രകാരം ഞാന്‍ അവിടെയെത്തി പറഞ്ഞ സ്പോട്ടിലേയ്ക്ക് നടന്നടുക്കുമ്പോ‌ള്‍ ഏഴടിപ്പൊക്കത്തില്‍, വെളുത്ത ഷര്‍ട്ടും കറുത്ത പാന്റുമിട്ട സുന്ദരക്കുട്ടപ്പനായ ഒരു രൂപം എതിരെ. കണ്ണുക‌ള്‍ ഉടക്കി.. ചിരിച്ചു... പിന്നെ ഒന്ന് പരസ്പരം കൈചൂണ്ടി പേര് പറഞ്ഞു.. കൈകൊടുത്തു.എന്റെ മ‌ക‌‌ള്‍ക്കായി സുന്ദര‌നായ ഒരു കൊച്ചുകര‌ടിയുടെ പാവയും സ‌മ്മാന‌മായി എനിയ്ക്ക് തന്നു സതീഷ്.എവിടെയെങ്കിലും ഇരുന്നു സംസാരിയ്ക്കാം എന്നു പറഞ്ഞ് “നക്ഷത്രക്കാശ് “(സ്റ്റാര്‍ ബക്സ് - കാപ്പികുടിച്ചിട്ട് കാശെത്രയായി എന്ന് ചോദിയ്ക്കുമ്പോ‌ള്‍ നക്ഷത്രമെണ്ണുന്ന സ്ഥലം) കാപ്പിക്കടയിലേയ്ക്ക് ഞങ്ങ‌ള്‍ പോയി.രണ്ടു കാപ്പിയുടെ കാശുണ്ടായിരുന്നെങ്കില്‍ ഒരു ഗ്രാം സ്വര്‍ണ്ണം മേടിയ്ക്കാമായിരുന്നു എന്നോര്‍മ്മിപ്പിയ്ക്കുന്ന വിലനിലവാരപ്പ‌ട്ടിക കൌണ്ട്രിയുടെ തല‌യ്ക്കു മോളില്‍.സുജന‌മാധുര്യത്തോടെ സതീഷ് വാങ്ങിത്തന്ന എത്ര പഞ്ചസാരയിട്ടാലും കയ്പ് മാറാത്ത എണ്‍പതു ശതമാനം പത‌യും പത്തു ശതമാനം കാപ്പിയുമുള്ള ആവിപറക്കുന്ന കപ്പുച്ചിനയുടെ മുക‌ളില്‍ക്കൂടി ഞങ്ങ‌‌ള്‍ സംസാരിച്ചു.കുടുംബത്തെപ്പറ്റി, പ്രവാസത്തെപ്പറ്റി അല്‍പ്പനേരം.പിന്നെ സിംഗപ്പൂരുള്ള മല‌യാളം ബ്ലോഗിംഗ് ചെയ്യുന്ന പുള്ളി, പാട്ടു പാടുന്ന ബഹുവ്രീഹി മുതലായവരെപ്പറ്റി.ചിരിയുടെ തിരമാലക‌ളുണ‌ര്‍ത്തുന്ന ബ്രീജ് വിഹാരിയെപ്പറ്റിയും അല്‍പ്പനേരം.
അങ്ങിനെ കുറെ സമ‌യം സംസാരിച്ചിരുന്ന്.. പിന്നെ ഇനി എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞ് ആ നല്ല സുഹൃത്തിനോട് പറഞ്ഞ് ഞാന്‍ പിരിഞ്ഞു.
മുന്‍പേ പരിചയപ്പെടാനും കാണാനും സാധിച്ചില്ലല്ലോ എന്ന കുണ്ഡിതത്തോടെ.
‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------------------------------------‌‌‌
പൊതിഞ്ഞുകെട്ടലും തൂക്കിനോക്കലും നാട്ടിലേയ്ക്ക് സാധന‌മ‌യയ്ക്കലും ഒക്കെയായി വരുന്നതിന് മുന്‍പ് ആ രണ്ട് ന‌ല്ല സുഹൃത്തുക്ക‌ളേയും വിളിയ്ക്കാന്‍ സാധിച്ചില്ല. വല്ലാത്ത ഓട്ടം. ഞായറാഴ്ച വെളുപ്പിന് രണ്ട് മണിയ്ക്ക് ആല‌പ്പുഴയിലെത്തി. അമ്മായിയമ്മ ഉണ്ടാക്കിവെച്ചിരുന്ന കൊഴുത്ത് മിന്നുന്ന സുന്ദരന്‍
തീയലും വെടിക്കെട്ട് ചമ്മന്തിപ്പൊടിയും കൂട്ടി പഞ്ഞിപോലുള്ള ധവളമ‌നോഹരങ്ങ‌ളായ ഇഡ്ഡലിക‌ള്‍ പന്ത്രണ്ട് വരെ എണ്ണിയും പിന്നെ എണ്ണാതെ കുറെയും അകത്താക്കി കയറിക്കിടന്നു.

രാവിലെ ഒമ്പതിനെഴുന്നേറ്റ് കുളിയും കാപ്പികുടിയുമൊക്കെക്കഴിഞ്ഞ് തിരുവനന്തപുരത്ത് പുതിയ ജോലിയില്‍ പ്രവേശിയ്ക്കാനുള്ള സന്നാഹത്തോടെ പതിനൊന്നോടെ അമ്പല‌പ്പുഴയിലേയ്ക്ക്.

ഭഗവല്‍‌സ്സന്നിധിയില്‍ ന‌ല്ല തിരക്ക്. അമ്പല‌മാകെ നവീകരിയ്ക്കുന്നു. പഴമ എല്ലായിടത്തുനിന്നും നീക്കം ചെയ്യപ്പെടുന്നു. അനിവാര്യം. പൊളിഞ്ഞുവീഴാന്‍ പോകുന്നത് ന‌ന്നാക്കിയെടുക്കുന്നു ദേവസ്വം. കുറ്റം പറയാനാവില്ലല്ലോ.

ആനന്ദമൂര്‍ത്തിയായ അമ്പല‌പ്പുഴകൃഷ്ണന്‍ ചന്ദന‌ചര്‍ച്ചിതനായി ചിരിതൂകി നില്‍ക്കുന്നു. ജനത്തിരക്ക് ക്രമത്തിലധികം. ആള്‍ക്കാരെ തള്ളിവിടുന്നു നടയില്‍നില്‍ക്കുന്ന കുറച്ച് ജീവന‌ക്കാര്‍. ശ്രീകോവിലിനു വെളിയില്‍ തൊട്ടടുത്തായി ന‌ല്ല തടിയുള്ള കഷണ്ടിയായ ഒരാളും അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും വി.ഐ.പി പരിഗണനയില്‍ നില്‍ക്കുന്നു. കുഞ്ചുത്തിരുമേനി പുറത്തേയ്ക്കിറങ്ങി വി.ഐ.പി
ക‌ള്‍ക്ക് മാത്രമുള്ള വലിയ നാക്കില‌യില്‍ ഉള്ള പ്രസാദമെടുത്ത് അവര്‍ക്ക് മാത്രം കൊടുത്തു, തീര്‍ത്ഥവും. തിരികെ അഞ്ഞൂറിന്റെ നോട്ട്. ആയിരം കൈക‌ള്‍ ഒരല്പം ചന്ദനത്തിനും തീര്‍ത്ഥത്തിനും വേണ്ടി ഉയര്‍ന്നു. “ഞാന്‍ ആ ടൈപ്പല്ല” എന്ന ഭാവത്തോടെ കുഞ്ചുത്തിരുമേനി കൂളായി അകത്തേയ്ക്ക് കയറിപ്പോയി. ആ‌ളുക‌ള്‍ ഫൂളായി സൈഡിലേയ്ക്കും. വി.ഐ.പി സ്വസ്ഥമായി തൊഴുത് നില്‍ക്കുന്നു.

“കൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ“ എന്ന് ദീര്‍ഘനിശ്വാസം വിട്ട് വിളിച്ച് കൊണ്ട് ഒരു വലത്തും കൂടി വെച്ച് ഞാന്‍ പുറത്തിറങ്ങി.
നേരെ വീട്ടിലേയ്ക്ക്. അച്ഛന്റേയും അമ്മയുടെയും കൂടെ അല്‍പ്പനേരം.. ഊണും കഴിച്ച് നാലിനുള്ള കുര്‍ള തിരുവനന്തപുരം തീവണ്ടിയ്ക്ക് ഞാന്‍ അനന്തപുരിയിലേയ്ക്ക്. എന്റെ അടുത്ത ഉദ്യോഗ‌പര്‍വ്വ(ത)ത്തിലേയ്ക്ക്.

കമ്പനി ഏതാനും ദിവസങ്ങ‌ളിലേയ്ക്ക് അനുവദിച്ചുതന്ന സര്‍വ്വീസ്ഡ് അപ്പാര്‍ട്ട്മെന്റിലെത്തി. ഒരുപാടുകാലം കൂടിയാണ് ഭാര്യയേയും കുഞ്ഞിനേയും പിരിഞ്ഞ് നില്‍ക്കുന്നത്. വിഷമം തോന്നി. പുറത്തുപോയി ഭക്ഷണം കഴിച്ച്
വന്ന് കിടന്നു. വെളുപ്പിന് നാലിന് എഴുന്നേറ്റു. കെയര്‍ടേക്കര്‍ ബിനു ചായയുമായി റെഡി. ഓട്ടോയും വിളിച്ചു തന്നു. നേരെ പഴവങ്ങാടി ഗണപതിയമ്പലത്തിലേയ്ക്ക്. അടിച്ച തേങ്ങ ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ച് ചിതറി. എല്ലാം ഒന്ന് ശരിയാക്കിത്തരണേയെന്ന് പറഞ്ഞ് തൊഴുത് പ്രാര്‍ത്ഥിച്ചു.
പത്മനാഭസ്വാമിക്ഷേത്രത്ത്ലേയ്ക്ക് പോയി. വാതിക്കല്‍ വടിയുമായി നില്‍ക്കുന്ന ചേട്ടന്‍ ഷര്‍ട്ട് കയ്യില്‍പ്പോലും പിടിയ്ക്കാന്‍ പാടില്ല എന്ന് ഭീഷണി മുഴക്കി. അതേല്‍പ്പിച്ച് അകത്തു കയറി തൊഴുതു. കാലില്‍പ്പിടിച്ച് വന്ന കാര്യം പറഞ്ഞു. ഒക്കെ ശരിയാകുമെന്ന് അനന്തശായിയായ പത്മാനാഭന്‍ പറഞ്ഞപോലെ തോന്നി.

തിരിച്ചെത്തി ഡ്രസ്സ് ചെയ്തിറങ്ങി. ഓട്ടോ പിടിച്ച് ടെക്നോപ്പാര്‍ക്കിലേയ്ക്ക്. ആധുനികമായ ടെക്നോപ്പാര്‍ക്കിലെ റോഡുക‌ള്‍ കേര‌ളത്തനിമയോടെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്നു. കെട്ടിടങ്ങ‌ളുടെ പേരുക‌ള്‍ മലയാളിത്തനിമയുടെ.”ഭവാനി”, “നിള”,”ചന്ദ്രഗിരി” “പത്മനാഭം” അങ്ങിനെ പോകുന്നു.
ഇടയ്ക്കിടെ ന‌ല്ല പച്ചത്തുരുത്തുക‌ള്‍ കാവുക‌ളെ ഓര്‍മ്മിപ്പിച്ചു. അവിടെ കെട്ടിടങ്ങ‌ള്‍ വരുന്നതുവരെ അങ്ങിനെതന്നെയായിരിയ്ക്കും.

“നിള” യിലാണ് കമ്പനിയുടെ മാനവവിഭവശേഷി വിഭാഗം. റിപ്പോര്‍ട്ട് ചെയ്തു. എച്ച്. ആര്‍. ഇന്‍ഡക്ഷന്‍ എന്ന തൃദിന കലാപരിപാടി. പല കമ്പനിക‌ളുടെ സംസ്കാരവുമായി വരുന്നവരെ പുതിയ കമ്പനിയുടെ മൂശയിലിട്ട് വാര്‍ക്കുക എന്നതാണ് ലക്ഷ്യം. പരമ‌മായ ബോറ്.
അരയും ഒരുമണിക്കൂറും നീളുന്ന സെഷനുക‌ള്‍. സെഷനുക‌ള്‍ കോട്ടുവാ വിട്ടും കാപ്പികുടിച്ചും മുന്നേറി. ഇന്‍ഡക്ഷന്‍ തരാന്‍ വരുന്നവ‌ര്‍ തന്നെ താരാട്ടു പാടുന്നതില്‍ ക്ഷമാപണം പറഞ്ഞുകൊണ്ട് സെഷന്‍ തുടങ്ങാനും തുടങ്ങി. അങ്ങനെ മൂന്നു ദിവസത്തെ ഇന്‍ഡക്ഷന്‍ അവസാനിച്ചൂ.

അങ്ങനെ ഞാന്‍ ജോലി തുടങ്ങി.
--------------------------------------------------------------------------------

വെള്ള‌യമ്പലത്ത് ഒരു വീട് വാടകയ്ക്ക് തപ്പിയെടുത്തു. റിലൊക്കേഷന്‍ ലീവായി മൂന്നുദിവസം ലീവ് അനുവദിച്ച് കിട്ടി. ആലപ്പുഴനിന്നും ഭാര്യയും കുഞ്ഞും ഒരു മിനിലോറി സാധനവുമായി വെള്ളയമ്പലത്തേയ്ക്ക്.
വീടിന്റെ മുന്നിലെത്തിയപ്പോ‌ള്‍ നേരമിരുട്ടിയെങ്കിലും അട്ടിമറിച്ചേട്ടന്മാര്‍ റെഡി. അവ‌ര്‍ക്ക് എല്ലാ സാധന‌ങ്ങ‌ളും ഇറക്കണമെന്ന് ഒരെ വാശി. സ്നേഹം!
ന‌മ്മ‌ളിറക്കിയാലും അവര്‍ക്ക് കാശുകൊടുക്കണം. ഒന്നാം നിലയിലേയ്ക്ക് കയറ്റാനാണെങ്കില്‍ കൊന്നു കൊലവിളിക്കുമെന്ന് സഹായിയായി കൂടെയുള്ള കണ്ണന്‍‍. താഴെ ഇറക്കി വെപ്പിച്ചാല്‍ മതി. അട്ടിമറിച്ചേട്ടന്മാരില്‍ ഒരാള്‍ അടിച്ച് മിസ്റ്റായി നില്‍ക്കുന്നു. സാധനമൊക്കെ നേരെ താഴത്തിറക്കി‌റക്കി വെച്ചു. അവിടെ വരെ ഞങ്ങ‌ള്‍ സുരക്ഷിതമായി എത്തിച്ച ഫ്രിഡ്ജ് , ചേട്ടന്മാര്‍ ഉരച്ച് പെയിന്റ് ക‌ളഞ്ഞ് വെടിപ്പാക്കിത്തന്നു. ചേട്ടന്മാരുടെ നേതാവ് വന്ന് 700 ‌രൂപ പറഞ്ഞു. 500 ല്‍ ഉറപ്പിച്ചു.

ഫ്രീഡ്ജിന്റെ പരിക്ക് ഞാന്‍ സഹിച്ചു. പൈസ്സയും കൊണ്ട് പിരിയാന്‍ നേരം മിസ്റ്റായി നില്‍ക്കുന്ന സഖാവ് അടുത്ത് വന്നു.
“അപ്പ.. പൈസ.. ഗൊടുത്തില്ലേ”
ഞാന്‍ പറഞ്ഞു ”ഗൊടുത്തു. അവിടെ” നേതാവിന്റെ നേരെ കൈ ചൂണ്ടി.
“ഹെത്ര ഗൊടുത്തു?”

ഞാന്‍ പറയാനാഞ്ഞപ്പോഴേയ്ക്കും നേതാവ് ഉറക്കെപ്പറഞ്ഞു “ങാ. പോര് പോര്. നാന്നൂറ് കിട്ടി”

കൊമ്മ്രേ:മിസ്റ്റ് സന്തുഷ്ടനായി ലാല്‍‌സ്സ‌ലാം പറഞ്ഞ് പിരിഞ്ഞു.

കണ്ണന്‍ ചെവിയില്‍ പറഞ്ഞു “കൊള്ളാം! ചതിയിലും വഞ്ചന! നല്ല വ‌ര്‍ഗ്ഗസ്നേഹം!”

ചിരിച്ചുപോയി.
----------------------------------------------------------------
സുഹൃത്തുക്കളേ.. ഞാന്‍ നാട്ടില്‍ തിരികെയെത്തിയിരിയ്ക്കുന്നു.
സന്തുഷ്ടനാണ്.
ഇനി എനിയ്ക്ക് ഉത്സവങ്ങ‌ള്‍ കാണാം. എത്രയെത്ര കഥ‌ക‌ളിയരങ്ങുക‌ളുടെ മുന്നില്‍ എനിയ്ക്ക് ഉറക്കമൊഴിച്ച് മനസ്സ് നിറയ്ക്കാം. എത്രയെത്ര സംഗീതസദസ്സുക‌ളില്‍ മതിമറന്ന് ലയിച്ചിരിയ്ക്കാം. ഒരു വ്യാഴവട്ടത്തിലേറെയായി നഷ്ടപ്പെട്ട നിതാന്തമായ വായന എനിയ്ക്കിനി വീണ്ടെടുക്കണം. എത്രയേറെ സുന്ദരമായ രാജ്യത്തുപോയാലും എനിയ്ക്കുറപ്പിച്ചു പറയാം.
എന്റെ നാടിന്റെ ആ ഒരു സുഖം .. അതെങ്ങുമില്ല. ആ സുഖത്തോടു തട്ടിയ്ക്കുമ്പോ‌ള്‍ ബന്ദും ഹര്‍ത്താലും മൂരാച്ചി രാഷ്ട്രീയവും അഴിമതിയും ഒന്നും ഒന്നുമ‌ല്ലാതാകുന്നു.

എന്റെ വേരുക‌ള്‍ ഇവിടെത്തന്നെയാണ്. പ്രവാസത്തിന്റെ കാല‌പ്പഴക്കത്താല്‍ തടിയ്ക്കും ഇല‌യ്ക്കും വേദന‌യാവുന്ന വേരുക‌ളെ എനിയ്ക്ക് പുനരുജ്ജീവിപ്പിയ്ക്കണം. പുതിയ വേരുക‌ള്‍ എന്റെയീ മണ്ണിലാഴ്ത്തി ഞാന്‍ തളിര്‍ക്കും.. പൂക്കും.. കായ്ക്കും.