Thursday, August 28, 2008

ഭാര്യ

“അച്ചാ ഈ ഭാര്യാന്നുച്ചാ എന്തുവാ?”

വ‌ള‌രെ കഷ്ടപ്പെട്ട് കിട്ടിയ സമ‌യത്തിന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്ന ഞാന്‍ എന്റെ നാലുവയസ്സുകാരി മക‌ളുടെ ഇന്നത്തെ സംശയ‌നിവാരണ സെഷന്റെ തുടക്കം കേട്ട് വായിച്ചുകൊണ്ടിരുന്ന വാരിക താഴെ വെച്ച് മുരടനക്കി സംശയനിവൃത്തി വരുത്താനൊരുങ്ങി.

ഈയ്യിടെയായിട്ടുള്ള പല ചോദ്യ‌ങ്ങളും ലൈംഗികവിദ്യാഭാസത്തിന്റെ ലെവലിലേയ്ക്ക് എസ്കലേറ്റ് ചെയ്ത് പോവുകയും അതിലൊക്കെ ഞാന്‍ ദയനീയമായി പരാജയമടഞ്ഞ് എന്തെങ്കിലും മുട്ടോപ്പോക്ക് പറഞ്ഞോ അല്ലെങ്കില്‍ വിശദീകരിച്ച് കുളമാക്കിയോ പോവുകയാണ് പതിവ്. അവ‌ള്‍ ചോദ്യം ചോദിച്ചിട്ട് കിട്ടുന്ന മ‌റുപടിയില്‍ അവ‌ള്‍ക്ക് പ്രധാന പങ്കുണ്ടായിരിയ്ക്കുകയും വേണം എന്നതാണ് പുള്ളിക്കാരിയുടെ ഒരു ലൈന്‍. ഇല്ലെങ്കില്‍ ഒരു ഗംഭീര നില‌വിളി പിന്നെ ലേറ്റസ്റ്റായി മാര്‍ക്കറ്റില്‍ കിട്ടാവുന്ന ക‌ളിപ്പാട്ടങ്ങ‌ളുടെ ഒരു ലിസ്റ്റ് എന്നിവയായിരിയ്ക്കും ഫലം.

ഇച്ചോദ്യത്തിന് അത്തരം ഒരു ഛായയില്ലേ എന്നൊരു സംശയം.
“പൂമുഖവാതില്‍ക്കല്‍ സ്നേഹം നിറയ്ക്കുന്ന പൂന്തിങ്ക‌ളാണ് മോളെ ഭാര്യ” എന്നൊക്കെ പറഞ്ഞാല്‍ ഭാര്യ ഹാപ്പിയായേക്കാമെങ്കിലും പൂമുഖം,പൂന്തിങ്ക‌‌ള്‍ എന്നിവയുടെ നിര്‍വ്വചന‌ങ്ങ‌‌ളും പൂന്തിങ്ക‌ള്‍-ഭാര്യാ കോറിലേഷനുമൊക്കെക്കൊണ്ട് സംഭവം കോമ്പ്ലിക്കേറ്റഡ് ആക്കണ്ടാ എന്നു വിചാരിച്ചും തികച്ചും കുശാഗ്രബുദ്ധിയായ ഒരു അച്ഛ‌നായ ഞാന്‍ ഒരുദാഹരണം കൊണ്ട് മോളെ ഫ്ലാറ്റാക്കിക്കള‌യാം എന്നു വിചാരിച്ചു.

“അത്.... ഈ ഭാര്യാന്നു വെച്ചാല്‍ ... ഉദാഹരണ‌ത്തിന്.. അമ്മ അച്ഛന്റെ ഭാര്യ. മ‌ന‌സ്സിലായോ?”

“അപ്പം അമ്മൂമ്മ ആരടെ ഭാര്യയാ?”

“അമ്മൂമ്മ അപ്പൂപ്പന്റെ ഭാര്യ”

“അപ്പം ഞാനോ?”

“മോള് ആര‌ടേം ഭാര്യയല്ല”

“അയ്യോ.....” സുദീര്‍ഘമായ ഒരു കരച്ചില്‍ ആരംഭിച്ചു.

“എനിയ്ക്കും ഭാര്യയാവണേ......യ്”

@@##$$%%%##
"മോളേ.....അങ്ങനല്ല. മോളു കൊച്ചല്ലേ. കൊറെക്കൂടി വലുതാകുമ്പോ മോക്കിഷ്ടപ്പെട്ട ഒരാളിന്റെ ഭാര്യയാവാം. ഇപ്പഴല്ല. കേട്ടോ”
(ഹോ ഞാനെന്തൊരു മിടുക്കന്‍. എനിയ്ക്കെന്നെ വല്ലാതങ്ങു ബോധിച്ചു.)

“വല്‍താകുമ്പംന്നുച്ചാ ഇത്തറേം പൊക്കം വെക്കുമ്പഴോ?” (കൈ പൊക്കികൊണ്ട് “ഇത്തറേം” എന്ന് ആംഗ്യം)

“അതേ”

“അപ്പം.. ഇത്തറെം പൊക്കം വെക്കുമ്പം ആരെ ഇസ്റ്റപ്പെടും?”

“ആ...അത്.. ഒരാളെ.. മോക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന ഒരാളേ. അയ്യാളെ മോള് കല്യാണം കഴിയ്ക്കുമ്പളാ മോള് ഭാര്യയാവത്തൊള്ളൂ”

“ ആ... എന്നാ ഞാനച്ചനെ കല്യാണം കയ്ച്ചോളാം”

Tuesday, August 19, 2008

അച്ഛനുറങ്ങാത്ത വീട്

അയാ‌ള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോ‌ള്‍ത്തന്നെ തോന്നിയിരുന്നു ഒരു പന്തികേട്. ആകെ ഒരു നിശ്ശബ്ദത. ലൈറ്റൊന്നും ഇട്ടിട്ടില്ല.

ഷൂസ് അഴിച്ച് വെച്ച് ലൈറ്റ് ഇട്ടു അയാ‌ള്‍. സ്വീകരണ‌മുറിയില്‍ തല‌യ്ക്ക് കൈയ്യും കൊടുത്ത് ഇരിയ്ക്കുകയായിരുന്ന അയാ‌ളുടെ ഭാര്യ ഞെട്ടി എഴുന്നേറ്റു. തല പൊക്കി അയാളെ നോക്കിയ അവ‌ളുടെ ഇരുണ്ട മുഖം കണ്ട‌പ്പോ‌ള്‍ അയാ‌ള്‍ക്കാകെ വിഷമ‌‌മായി.

"എന്താ? എന്തു പറ്റി? ആകെ ഡള്ളായിരിക്കുന്നല്ലോ? ഏ?"

ഭാര്യ ഇട‌ര്‍ച്ച‌യോടെ പറഞ്ഞു.
"ഞാന‌ന്നേ പറഞ്ഞില്ലേ.. അവ‌ള്‍ക്കുണ്ടായ മാറ്റം? അവ‌ളിന്നത് പറഞ്ഞു"

അയാള്‍ ഞെട്ടിപ്പോയി. മ‌ക‌ളെക്കുറിച്ചാണ് പറയുന്നത്.
"എന്ത്? എന്താ പറഞ്ഞെ അവ‌ള്‍. പറയ്"

"അവ‌ള്‍ക്ക് ഗോവിന്ദിനെ ഇഷ്ടമാണെന്ന്... അവനെ മാത്രമേ കല്യാണ‌ം..." ഗദ്ഗദം കൊണ്ട് അവ‌ള്‍ക്ക് പറഞ്ഞത് പൂര്‍ത്തിയാക്കാനായില്ല.

"അവ‌ളെവിടെ?" അയാ‌ള്‍ വിഷണ്ണനായി ത‌‌ള‌ര്‍ന്ന് ചോദിച്ചു.

"ഉറങ്ങുന്നു" ഭാര്യ പറഞ്ഞു.

അയാ‌ള്‍ പതുക്കെ കിടപ്പുമുറിയിലേയ്ക്ക് ന‌ടന്നു.

മ‌ക‌ള്‍ സമാധാന‌മായി ഉറങ്ങുന്നു. അവ‌ള്‍ അര്‍ദ്ധന‌ഗ്ന‌യായിരുന്നു. കൈയ്യില്ലാത്ത ഒരു ടീഷ‌ര്‍ട്ടും മുട്ടിന് വ‌ള‌രെ മുക‌ളിലിള്ള ഒരു പാവാടയും മാത്രമേ ധ‌രിച്ചിട്ടുണ്ടായിരുന്നുള്ളൂ.

അയാ‌ള്‍ അവ‌ളെത്തന്നെ നോക്കിനിന്നു. നെടുവീര്‍പ്പിട്ടുകൊണ്ട് അയാ‌ള്‍ സ്വയം പറഞ്ഞു.
"പോട്ടെ. സാര‌മില്ലെന്നേ. നാലു വയസ്സ‌ല്ലേ ആയുള്ളൂ. എല്‍ക്കേജി കഴിയുമ്പോ‌‌ള്‍ ശരിയാകുമായിരിയ്ക്കും.... ആവും ആവാതിരിയ്ക്കില്ല"

Friday, August 8, 2008

ഏത് മുറ്റം?

ന്യൂസ്പേപ്പ‌ര്‍ വായിച്ച് വായിച്ച് പാതിമ‌യക്കത്തിലായിരുന്നു ഞാന്‍. കിടപ്പുമുറിയില്‍ സാമാന്യം ന‌ല്ല പനിയുമായി നാലു വയസ്സുകാരി മ‌ക‌ള്‍. അവ‌‌ള്‍ ഒരു നേഴ്സറി റൈം ചൊല്ലുന്നു.

"ട്രെയിന്‍ ട്രെയിന്‍ ഗോ എവേ.. കമ്മെഗെയ്ന്‍ അനദ‌ര്‍ഡേ..."

അമ്മ തിരുത്തുന്നു.
"മോളേ... ട്രെയിന്‍ അല്ല. റെയ്ന്‍.. മഴ. റെയിന്‍ റെയിന്‍ ഗോ എവേ.. കം എഗെയ്ന്‍ അനദ‌ര്‍ഡേ...മ‌ഴേ.. പൊക്കോ പൊക്കോ.... പോയിട്ട് വേറെയൊരു ദിവസ്സം വാ.. എന്നാണ് പറേന്നെ"

"വേ‌ര്‍രു ദൂസം വന്നാ എന്തു പറ്റും? എന്തിനാ പൊക്കോന്ന് പ‌ര്‍‌ഞ്ഞേ?"

"അത്.. ലിറ്റില്‍ ജോണി വാണ്‍സ് റ്റു പ്ലേ. കൊച്ച് ജോണിയില്ലേ? മോളേപ്പോലെയുള്ള് ഒരു കൊച്ച് കുട്ടിയാ. അവന് ക‌ളിയ്ക്കണ്ടേ? മ‌ഴ പെയ്തോണ്ടിരുന്നാ ക‌ളിയ്ക്കാന്‍ പറ്റുവോ? അതാ."

"ക‌ളിയ്ക്കാനോ? എവടെ ക‌ളിയ്ക്കാന്‍?ലിറ്റില്‍ ജോണി റോഡിലെറങ്ങിക്ക‌ളിച്ചാ വണ്ടി വര‌ത്തില്ലേ? അപ്പ വണ്ടീടിച്ച് നെറ്റി പൊട്ടി ചോര വരും . ല്ലേ?"

"മോളേ .. റോഡില‌ല്ല ക‌ളിയ്ക്കുന്നെ. മുറ്റ‌ത്ത്. മഴ പെയ്താ മുറ്റ‌ത്ത് ക‌ളിയ്ക്കാന്‍ പറ്റുവോ"

"മുറ്റോ? ഏതു മുറ്റം?"

അമ്മ പരുങ്ങുന്നു."അത്.. മുറ്റമെന്ന് വെച്ചാല്‍......."

എന്റെ തല‌യ്ക്കകത്ത് ഒരു മണിയടിച്ചു. മക‌ള്‍ ഇതുവരെ താമ‌സിച്ച വീടുകളും ഫ്ലാറ്റുക‌ളും മുറ്റമില്ലാത്തവ‌യായിരുന്നല്ലോ. ഞാന്‍ പതുക്കെ എഴുന്നേറ്റ് മുറിയ്ക്കകത്തേക്ക് തലയിട്ട് ഭാര്യയെ സ‌ഹായിച്ചു.

"അത്.. മുറ്റം.. അച്ഛന്‍ ആല‌പ്പുഴെച്ചെന്നിട്ട് കാണിച്ച് തരാം. കേട്ടോ"