Wednesday, September 24, 2008

ന‌ളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവന‌ന്തപുരം, 22 സെപ്റ്റംബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
അഭിനയം

ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ന‌ളനായി വേഷമിട്ടു. ഇന്ന് പച്ചവേഷം നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ന‌ടന്മാരില്‍ പ്രമുഖരില്‍ ഒരാളാണ് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍.വേഷ ഭംഗിയും വൃത്തിയും ഒതുക്കവും ഉള്ള മുദ്രക‌ളും പാകത വന്ന അരങ്ങുപരിചയവും ശ്രീ ബാലസുബ്രഹ്മണ്യന്റെ ആട്ടത്തില്‍ കാണാം.

ക്ലബ്ബ് ന‌ടത്തുന്ന കഥക‌ളി എന്ന നിലയില്‍ കൃത്യസമ‌യത്തിനുള്ളില്‍ത്തന്നെ ക‌ളി തീര്‍ക്കാനായി ഒര‌ല്പ്പം ധൃതിയിലായിരുന്നു ക‌ളിയുടെ വേഗം. ഇത് രസച്ചരടിന് ഭംഗം വരുത്തിയെങ്കിലും സാമാന്യം നല്ല ഒരു ക‌ളിയായിരുന്നു ഇന്നലത്തേത് എന്ന് പറയാം.
ശ്രീ ഫാക്ട് ജയദേവവര്‍മ്മയായിരുന്നു നാര‌ദനായി വേഷമിട്ടത്. നാരദന്റെ ഭീഷിതരിപു നികര എന്ന പദത്തിനു ശേഷമുള്ള ആട്ടത്തില്‍
" ഭൂമിയില്‍ ഉള്ള സാധാരണജന‌ങ്ങ‌ള്‍ക്ക് അഭീഷ്ടകാര്യങ്ങ‌ള്‍ സാധിച്ചുകൊടുക്കുന്ന ദേവക‌ള്‍ പോലും ആഗ്രഹിയ്ക്കുന്ന ആ കന്യകാരത്ന‌ത്തെ (ദമ‌യന്തിയെ) ഒരു സാധാരണ മനുഷ്യനായ ഞാന്‍ ആഗ്രഹിയ്ക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട്?"
എന്ന ന‌ളന്റെ ചോദ്യത്തിന് "സദ്ഗുണസമ്പന്ന‌നായ നീ അങ്ങനെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല" എന്ന നാരദന്റെ മറുപടി ഒഴുക്കന്‍ മട്ടിലായി.

ഭഗവന്‍ നാരദ
ശേഷം ന‌ളന്‍ "ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം" എന്ന ശ്ലോകം അഭിന‌യിയ്ക്കുന്നു. ദമ‌യന്തിയെക്കുറിച്ച് നാരദന്‍ പറഞ്ഞ വാക്കുക‌ളും കേട്ടുകേഴ്വിക‌ളും കൊണ്ട് മ‌ഥിയ്ക്കപ്പെട്ട മനസ്സുമായി നില്‍ക്കുന്ന ന‌ളന്‍. തുട‌ര്‍ന്ന് "കുണ്ഡിന‌നായക ന‌ന്ദിനിയ്ക്കൊത്തൊരു പെണ്ണില്ലാ" എന്ന പദം. പ്രണ‌‌യപരവശനായ ഒരു യുവ‌രാജാവിന്റെ പ്രണ‌യിനിയെക്കുറിച്ചുള്ള ചിന്തക‌ളാണ് "കുണ്ഡിന‌നായക" എന്ന പദത്തില്‍. ആവുന്നത്ര മിതത്വം പാലിച്ചുകൊണ്ട് ശ്ലോകവും തുടര്‍ന്നുള്ള ഈ പദവും ബാലസുബ്രഹ്മണ്യന്‍ സാമാന്യം ന‌ന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം

കുണ്ഡിന‌നായക നന്ദിനി

മുദിരതതി കബരീ

അനുദിനമവ‌ള്‍ തന്നില്‍ അനുരാഗം വ‌ള‌രുന്നു

തുട‌ര്‍ന്നുള്ള ആട്ടത്തില്‍ എങ്ങനെ ദമ‌യന്തിയെ വിവാഹം കഴിയ്ക്കാം എന്ന് ചിന്തിയ്ക്കുകയാണ് ന‌ളന്‍. ദമ‌യന്തിയുടെ അച്ഛനായുള്ള ഭീമ‌രാജാവിന്റെ അടുത്ത് ചെന്ന് തനിയ്ക്ക് ദമ‌യന്തിയെ വിവാഹം കഴിച്ച് തരുമോ എന്ന് പറയേണ‌മോ? ഏയ്. അത് ക്ഷത്രിയമ‌ര്യാദയ്ക്ക് ചേര്‍ന്നതല്ല. പിന്നെ എന്ത് വഴി? സേനാസന്നാഹ‌ങ്ങ‌ളോടെ കുണ്ഡിന‌ത്തില്‍ ചെന്ന് ദമ‌യന്തിയെ ഹരിച്ചുകൊണ്ട് വന്നാലോ? അങ്ങിനെ ചെയ്താല്‍ ഒരിയ്ക്കലും ദമയന്തിയ്ക്ക് തന്നോട് പ്രേമം തോന്നുകയില്ല. സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ല. പിന്നെ എന്തു വഴി. മനസ്സിന് സമാധാനമില്ലാതെയായിരിയ്ക്കുന്നു. അസ്വസ്ഥനായി ഉലാത്തുന്ന ന‌ളന്‍ ചിന്തിയ്ക്കുന്നു. ഒരല്പ്പസമയം വീണ‌വായിച്ചിരുന്നാലോ? വീണ കൈയ്യിലെടുത്ത് തന്ത്രിക‌ള്‍ മുറുക്കി ശ്രദ്ധിച്ചതിനു ശേഷം വീണ‌വായിയ്ക്കുന്നു. തുടക്കത്തില്‍ തോന്നിയ ആന‌ന്ദം ക്രമേണ ഇല്ലാതാവുകയും ചിന്ത വീണ്ടും ദമയന്തിയെക്കുറിച്ചാവുകയും ചെയ്ത‌തോടെ ന‌ളന്‍ വീണ ഉപേക്ഷിയ്ക്കുന്നു. അസ്വസ്ഥനായ ന‌ളന് ശരീരം ചുട്ടുനീറുന്നതുപോലെ തോന്നുന്നു. ദേഹമാസകലം ചന്ദനം പുരട്ടുകയും അസ്വസ്ഥത വര്‍ദ്ധിച്ച‌തോടെ ചന്ദനവും തുടച്ചുക‌ള‌യുന്നു. പ്രണ‌യപരവശ‌നായ ന‌ളന്‍ കാമ‌ദേവനോടായി പറയുന്നു. അല്ലയോ മ‌ന്മഥാ.. ഭ‌വാന്‍ ഏറുന്ന വൈര‌ത്തോടെ എന്റെ നേര്‍ക്ക് എയ്ത്കൊണ്ടിരിയ്ക്കുന്ന പുഷ്പശര‌ങ്ങ‌ളാല്‍ ഞാന്‍ പരവശ‌നായിരിയ്ക്കുന്നു. ഈ ശരങ്ങ‌ളില്‍ ഒരെണ്ണം ഒരേയൊരെണ്ണം അവ‌ളുടെനേര്‍ക്ക് അയ്ച്ചിരുന്നെങ്കില്‍....
ഈ രംഗത്തില്‍ മേല്പ്പറഞ്ഞ ആട്ടത്തിലും പദത്തിലും ശ്രീ. കലാമണ്ഡലം ഗോപിയുടെ നിലക‌ള്‍ (Pause) മ‌നോഹരവും പ്രസിദ്ധ‌വുമാണ്. അതൊന്നും അനുക‌രിയ്ക്കാതിരിയ്ക്കാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്‍ പ്രത്യേകം ശ്രദ്ധി‌ച്ച‌തായി തോന്നി. എന്നാല്‍ സാമാന്യം ഭംഗിയാവുകയും ചെയ്തു.

പിന്നീട് ഉദ്യാന‌ത്തിലെത്തുന്ന ന‌ളന്‍ "നിര്‍ജ്ജന‌മെന്നതേയുള്ളൂ" എന്ന പദം ആടുന്നു. ഇതിലും ദമ‌യന്തിയോടുള്ള ഉല്‍ക്കടമായുള്ള പ്രേമവും അത് സാധിയ്ക്കത്തത് നിമിത്തം ന‌ളന് അനുഭവപ്പെടുന്ന വിരസതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഉദ്യാന‌ത്തിലെ താമരക്കുള‌ത്തില്‍ അനവധി ഹംസങ്ങ‌ളെക്കാണുന്ന ന‌ളന്‍ അതില്‍ സ്വര്‍ണ്ണ‌‌വര്‍ണ്ണമാര്‍ന്ന ഒന്നിനെ പ്രത്യേകം ശ്രദ്ധിയ്ക്കുകയും തുട‌ര്‍ന്ന് നേരമ്പോക്കിനായി അതിനെ പിടിച്ചാലോ എന്ന് ചിന്തിച്ച് രംഗത്തു നിന്നും മാറുകയും ചെയ്യുന്നു.
തുട‌ര്‍ന്ന് ഹംസം പ്രവേശിയ്ക്കുകയാണ്. ശ്രീ. കലാമണ്ഡലം രതീശനായിരുന്നു ഹംസം. ഹംസത്തിന് ഇവിടെ ഒരു നൃത്തരൂപത്തിലുള്ള എടുത്തുകലാശമാവാമായിരുന്നു. അത് ഉണ്ടായി കണ്ടില്ല. ഹംസത്തിന്റെ സ്വതസ്സിദ്ധമായ സ്വഭാവ‌ചിത്രീകര‌ണ‌ത്തിനാണ് ഈ രംഗം നടന്മാര്‍ ഉപയോഗിയ്ക്കുക. ചിറകുക‌ള്‍ കൊക്കുകൊണ്ട് കൊത്തിയൊതുക്കി, താമ‌രയില‌ക‌ള്‍ ഇരുവശ‌ത്തേയ്ക്കും കൊത്തിനീക്കി വെള്ളം കൊത്തിയെടുത്ത്.. തല പൊക്കിപ്പിടിച്ച് അതിറക്കി, ഇടക്ക് തല വെട്ടിച്ച് പറന്ന് ന‌ടക്കുന്ന പ്രാണിക‌ളെ കൊത്തിപ്പിടിച്ച് ... അങ്ങിനെയുള്ള പക്ഷിസ്വഭാവം. ഒടുവില്‍ ചിറകൊതുക്കി ഒറ്റക്കാലിലിരുന്ന് ഉറങ്ങിപ്പോകുന്നതോടെ"അനക്കം കൂടാതെ ന‌ര‌വ‌ര‌ന‌ണഞ്ഞാശുകുതുകാ" എന്ന ശ്ലോകം ആരംഭിയ്ക്കുന്നു. അതോടെ രംഗത്തേയ്ക്ക് സൂക്ഷ്മ‌ത‌യോടെ കടന്നുവരുന്ന ന‌ളന്‍ കൗതുകത്തിനായി ഹംസ‌ത്തെ പിടികൂടുകയാണ് "ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേകനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം" എന്ന വരിയോടെ.

പിടിച്ചൊര‌‌ളവിലെ
തുട‌ര്‍ന്ന് പരിഭ്രാന്തനായ ഹംസത്തിന്റെ "ശിവ ശിവ എന്തു ചെയ്‌വൂ ഞാന്‍ എന്നെ" എന്നു തുടങ്ങുന്ന പദ‌മാണ്. സമയക്കുറവുകൊണ്ടാവാം ഈ പദത്തിലെ
"ജന‌കന്‍ മ‌രിച്ചുപോയി എന്റെ ജന‌നി തന്റെ ദശ ഇങ്ങനെ
അപി ച മമ ദയിതാ ക‌ളിയല്ല അന‌തിചിര സൂതാ
പ്രാണന്‍ക‌ളയുമ‌തി വിധുരാ
അയ്യോ കുല‌വുമ‌ഖില‌വുമറുതി വന്നിതു

എന്ന ഭാഗം വിട്ട് ക‌ളഞ്ഞു. ഈ ഭാഗത്ത് ഉള്ളതുപോലെ ശ്രീ. ഉണ്ണായിവാര്യര്‍ക്ക് തന്റെ ജീവിതത്തില്‍ അറം പറ്റി എന്ന് ഒരു കേട്ടുകേഴ്വിയുള്ളത് സൂചിപ്പിയ്ക്കട്ടെ.

തുട‌ര്‍ന്ന് ന‌ള‌ന്റെ "അറിക ഹംസമേ" എന്ന പദമാണ്. മ‌നോഹരമായ ചിറകുക‌ള്‍ കണ്ട് കൗതുകേണ പിടിച്ചതാണെന്നും ഇച്ഛ‌പോലെ പറന്നുപൊയ്ക്കൊള്ളുകയെന്നും ന‌ളന്‍ ഹംസത്തോടു പറയുന്നു. പദാവസാന‌ത്തില്‍ ഹംസത്തെ സ്വതന്ത്രനാക്കുകയും സ‌ന്തുഷ്ടനായ ഹംസം പറന്നുപോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും ഏകനായി ഉദ്യാനത്തിലിരുന്ന ന‌ള‌ന്റെ അടുത്തേയ്ക്ക് ഹംസം തിരിച്ചെത്തുന്നു.“ഊര്‍ജ്ജിതാശയ പാര്‍ത്ഥിവാ തവ ഞാന്‍ ഉപകാരം കുര്യാം” എന്നു പറഞ്ഞുകൊണ്ട്.തുടര്‍ന്ന് ഹംസം ദമയന്തിയെക്കുറിച്ച് ന‌ളനോട് പറയുകയാ‍ണ്. ദമയന്തി എന്ന പേര് എത്ര കേട്ടിട്ടും ന‌ളന് മ‌തിയാവുന്നില്ല. ഹംസത്തെക്കൊണ്ട് വീണ്ടും വീണ്ടും പറയിയ്ക്കുന്നു തനിക്ക് കര്‍ണ്ണാമൃതമായ ആ പേര് ന‌ളന്‍.

ഭീമന‌രേന്ദ്രസുതാ ദമ‌യന്തി

അവ‌ളെ ഒന്നു വ‌ര്‍ണ്ണിയ്ക്കാമോ എന്ന ന‌ളന്റെ ഇടയ്ക്കുള്ള ചോദ്യത്തിന് ഉചിതമായി “കാമിനി രൂപിണീ ശീലാവതി രമണി” എന്നിടത്തെ ഹംസത്തിന്റെ ആട്ടം. തുടര്‍ന്ന് “പ്രിയമാനസാ നീ പോയ് വ‌രേണം” എന്ന ന‌ളന്റെ പദം. “പ്രിയമെന്നോർത്തിതു പറകയോ നീ മമ” എന്നിടത്ത് “ഒരിയ്ക്കലും ഞാന്‍ അങ്ങ‌യെ സ‌ന്തോഷിപ്പിയ്ക്കാനായിമാത്രം പറഞ്ഞതല്ല.“ എന്ന് ഹംസം മറുപടി പറയുന്നുണ്ട്.ഇരുവരുടെയും പദങ്ങ‌ള്‍ കഴിഞ്ഞുള്ള ആട്ടം അധികമൊന്നും ര‌സമുള്ളതായിരുന്നില്ല. ന‌ളനില്‍ ദമയന്തിയ്ക്കുള്ള ഇഷ്ടം ഉറപ്പിയ്ക്കാം എന്നുറപ്പു നല്‍കിക്കൊണ്ട് ഹംസം രംഗം വിടുന്നു. ആകാശത്ത് ഒരു സ്വര്‍ണ്ണനൂല്‍ പോലെ ഹംസം അപ്രത്യക്ഷമായി എന്ന് ന‌ളന്‍ സാധാരണ ഇപ്പോ‌ള്‍ ആടിക്കാണാറുള്ളതുപോലെ തന്നെ ഇവിടെ ബാല‌സുബ്രഹ്മണ്യന്റെ ന‌ളനും ആടുകയുണ്ടായി. തുടര്‍ന്ന് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നു. താനിവിടെ ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം.

ദമയന്തിയുടെയും തോഴിയുടെയും (രണ്ട് തോഴിമാര്‍ ഉണ്ടാവേണ്ടതാണ്. ഒരാളെ ഉണ്ടായുള്ളൂ ഇവിടെ) രംഗപ്രവേശമായിരുന്നു അടുത്തത്. ശ്രീ കലാമണ്ഡലം രാജശേഖരന്‍ ദമ‌യന്തിയായും കലാമണ്ഡലം അനില്‍കുമാര്‍ തോഴിയായും വേഷമിട്ടു. “പൂമകനും മൊഴിമാതും, ഭൂമിദേവി താനും” എന്ന ദേവസ്തുതിയോടെ നായികാകഥാപാത്രങ്ങ‌ളുടെ രംഗപ്രവേശത്തില്‍ സാധാരണ ഉണ്ടാവാറുള്ള “സാരി” യോടുകൂടിയാണ് ഇത് ആടിയത് (ആടുന്നതും). “സാരി”നൃത്തം വ‌ള‌രെ ഭംഗിയായി അവതരിപ്പിയ്ക്കപ്പെട്ടു. തുടര്‍ന്ന് “സഖിമാരെ നമുക്കു” എന്ന ദമ‌യന്തിയുടെ പദം. സാരിയുടെ അവസാനത്തില്‍ ദമ‌യന്തിയില്‍ അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു. ശ്രീ രാജശേഖരന്‍ അത് ന‌ന്നായി നടിച്ചു. ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസത തോന്നുന്നുവെന്നും അതുകൊണ്ട് കൊട്ടാരത്തില്‍ അച്ഛന്റെ അടുത്തേയ്ക്ക് പോകാമെന്നും ദമ‌യന്തി പറയുന്നു. ദമ‌യന്തിയില്‍ ഉണ്ടായ ഈ ഭാവമാറ്റം തോഴി ശ്രദ്ധിയ്ക്കുകയും ദമ‌യന്തിയുടെ പദത്തിന‌സുരിച്ച് ഇടച്ചോദ്യങ്ങ‌ള്‍ ചോദിയ്ക്കുകയും ചെയ്തത് ന‌ന്നായി. ദമ‌യന്തിയ്ക്കു മറുപടിയായി “പോക പൂങ്കാവിലെന്നു പുതുമധു വചനേ” എന്ന പദം തോഴിയുടെതായുണ്ട്. ഉദ്യാന‌ത്തില്‍ പോകാമെന്ന് പറഞ്ഞ നീ ഇവിടെയെത്തിയത് തിരികെപ്പോകാനോ? എങ്കില്‍ അതിനു കാരണം പറഞ്ഞാലും എന്ന് പദത്തിന്റെ സാരം. അനില്‍കുമാ‌ര്‍ അദ്ദേഹത്തിനെ വേഷത്തിലും ആട്ടത്തിലും ന‌ല്ലവണ്ണം ശ്രദ്ധിച്ചിരുന്നതായി തോന്നി. ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

കാമിനിമൌലേ ചൊല്‍ക
തുടര്‍ന്ന് ദമയന്തിയുടെ “ചലദ‌ളി ഝങ്കാരം ചെവികളില്‍ അംഗാരം’” എന്ന പദമാണ്. സാധാരണ മന‌സ്സിന് ഏറ്റവുന്ം ആനന്ദം നല്‍കുന്ന കാര്യങ്ങ‌ള്‍ പോലും ദമ‌യന്തിയ്ക്ക് അസഹ്യമായിത്തോന്നുന്നു; വണ്ടിന്റെ മൂളല്‍ അലര്‍ച്ചയായും, കുയിലിന്റെ പാട്ട് കര്‍ണ്ണശൂലങ്ങ‌ളായും പുഷ്പസൌരഭ്യം നാസാരന്ധ്രങ്ങ‌ളില്‍ ദുര്‍ഗന്ധമായും ദമ‌യന്തിയ്ക്ക് തോന്നുകയാണ്.

അപ്പോഴാണ് തോഴി ആകാശത്തുനിന്നും ഒരു മിന്നല്‍ക്കൊടിപോലെ എന്തോ ഒന്ന് ഭൂമിയിലേയ്ക്കിറങ്ങുന്നത് ദമയന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്ന പദമാണ് തോഴി ഇവിടെ ആടുക. ഒടുവില്‍ അത് ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഒരരയന്നമാണെന്ന് തിരിച്ച‌റിയുന്നു.പദാവസാനം ഹംസം രംഗ‌പ്രവേശം ചെയ്യുന്നു. അപ്പോ‌ള്‍ ദമയന്തിയുടെ “കണ്ടാലെത്രയും കൌതുകം” എന്ന പദമാണ്.

ക്രൂര‌നല്ല സാധുവത്രേ

സ്വര്‍ണ്ണവര്‍ണ്ണമ‌‌രയന്നം
ഹംസത്തെക്കണ്ടിട്ടുണ്ടായ കൌതുകം, അത്ഭുതം ഒക്കെ പദത്തില്‍ ഉണ്ട്. അര‌യന്നം ദമ‌യന്തിയെ തന്നിലേക്കാകര്‍ഷിയ്ക്കുകയും, ദമ‌യന്തി അര‌യന്നത്തിനെ തൊടാനും പിടിയ്ക്കാനുമൊക്കെ ശ്രമിയ്ക്കുന്നു.
“തൊട്ടേനെ ഞാന്‍ കൈക‌ള്‍ കൊണ്ടു”
ഒടുവില്‍ ഇതിനെ പിടിയ്ക്കുകതന്നെ വേണമെന്ന് നിശ്ചയിച്ച് തോഴിമാരോട് “ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ” എന്ന് പറഞ്ഞ് തോഴിയെ രംഗത്തു നിന്ന് പറഞ്ഞയ്ക്കുകയാണ്. അതോടെ അരയന്നവും ദമ‌യന്തിയും മാത്രമാവുന്നു. ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ തുടങ്ങുന്നു“ഇനിയൊരടി ന‌ടന്നാല്‍ കിട്ടുമേ കൈക്കലെന്നു“ എന്ന ശ്ലോകത്തോടൊപ്പം ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ ശ്രമ‌യ്ക്കുകയും അതില്‍ പരാജയപ്പെട്ട് പരിഭവത്തോടെ തിരികെപ്പോരാനൊരുങ്ങുമ്പോ‌ള്‍ അരയന്നം“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?” എന്ന പദത്തോടെ വിളിയ്ക്കുകയാണ്. സംസാരിച്ചുതുടങ്ങിയ ഹംസത്തെ കൌതുകത്തോടെ വീക്ഷിച്ച ദമ‌യന്തി തന്റെ എടുത്തുചാട്ടത്തെപ്പറ്റി ക‌ളിയാ‍ക്കുന്ന ഹംസത്തിനോട് പരിഭവം പൂണ്ട് നിന്നുവെങ്കിലും, “ന‌ളനഗരേ വാഴുന്നു ഞാന്‍” എന്നു പറഞ്ഞുതുടങ്ങുമ്പോ‌ള്‍ ഉത്സാഹവതിയാകുന്നു.
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
തുടര്‍ന്ന് ദമ‌യന്തിയുടെ “കണ്ടേന്‍ നികടേ നിന്നെ” എന്ന മറുപടിപ്പദമാണ്. ന‌ളന്റെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം കാട്ടിയ ദമ‌യന്തിയോട് ഹംസം ന‌ളന്റെ ഗുണ‌ങ്ങ‌ള്‍ “പ്രീതിപൂണ്ടരുളുകയേ” എന്ന പദത്തിലൂടെ വ‌ര്‍ണ്ണിയ്ക്കുകയും തുടര്‍ന്ന് ദമ‌യന്തി തന്റെ മന‌സ്സിലുള്ളതെല്ലാം “നാളില്‍ നാളില്‍ വരുമാധിമൂല‌മിദം” എന്ന പദത്തിലൂടെ ഹംസത്തിനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഹംസത്തിന്റെ മ‌റുപടിപ്പദം“ചെന്നിതു പറവന്‍ നൃപനോടഭിലാഷം” എന്ന പദത്തില്‍ “താതന്‍ ഒരു വരനു കൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാമ‌വനില്‍ത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം ചപലെനെന്നു പുന‌രെന്നെ ചൊല്ലാം”എന്ന ഭാഗത്തിലൂടെ ദമ‌യന്തിയുടെ പ്രണ‌യത്തിന്റെ ശക്തി പരീക്ഷിയ്ക്കുകയാണ് ഹംസം.
കണ്ടേന്‍ നികടേ നിന്നെ

“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്ന പദത്തിലൂടെ ന‌ള‌നിലുള്ള തന്റെ അചഞ്ചല‌മായ സ്നേഹം ഹംസത്തെ അറിയിയ്ക്കുക‌യാണ് ദമ‌യന്തി. ഹംസത്തിന്റെ പദങ്ങ‌ള്‍ക്കിടയില്‍ ശ്രീ രാജ‌ശേഖരന്റെ ദമ‌യന്തി വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ. അത് ഒരല്‍പ്പം വിരസത് കാണിക‌ളിലേയ്ക്ക് പകര്‍ന്നുകാണുമെന്നത് തീര്‍ച്ച. തുടര്‍ന്ന് ദമ‌യന്തിയും ഹംസവും തമ്മില്‍ ഉള്ള തന്റേടാട്ടമായിരുന്നു. ന‌ളന്റെ രൂപമൊന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന ദമ‌യന്തിയ്ക്ക്, ഹംസം ഒരു താമര‌യിലയില്‍ നളന്റെ രൂപം വരച്ചുകൊടുക്കുന്നു. അത് കണ്ടിട്ട് ഉള്ള ദമ‌യന്തിയുടെ ഭാവാഭിനയവും അത്ര ശരിയായിയെന്ന് തോന്നിയില്ല. പക്ഷേ അതിനു ശേഷം ആ ചിത്രം ഹംസത്തെ തിരിച്ചേല്‍പ്പിക്കുന്നതായി കാണിച്ചു. ഹംസം അത് സൂക്ഷിച്ചുകൊള്ളുകയെന്നു പറഞ്ഞിട്ടും. അത് ഉചിതമായി. അതിനു ശേഷം ഹംസം യാത്രയാവുന്നതോടെ ക‌ളി അവസാനിച്ചു. ശ്രീ കലാമണ്ഡലം രതീശന്റെ ഹംസം ഈ രംഗത്ത് വ‌ളരെ നന്നായി ശോഭിച്ചു. വ‌ളരെ ക്രിയാത്മകമായ ആട്ടങ്ങ‌ള്‍ ഈ രംഗത്തിലുടനീളം അദ്ദേഹം കാഴ്ച വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള ഹംസത്തിന്റെ വേഷത്തില്‍ പ്രഗത്ഭനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യക്തിത്വമുള്ള നടന വൈദഗ്ദ്ധ്യം ശ്രീ ര‌തീശനുണ്ട് എന്ന് തോന്നി.
ആലാപനം
ശ്രീ കോട്ടയ്ക്കല്‍ മധുവും ശ്രീ കലാനില‌യം രാജീവനുമായിരുന്നു ആലാപനം. ഈ കളിയുടെ ഏറ്റവും മുന്തിയ ഘടകം ഇവരുടെ മികച്ച പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ. എല്ലാ പദങ്ങ‌ളും സാഹിത്യഭംഗിയും സംഗീതനിബദ്ധവുമായ ഈ കഥ, ര‌ത്ന‌ങ്ങ‌ള്‍ കോര്‍ത്ത ഒരു ഹാരമാക്കിയത് ഇവര്‍ ചേര്‍ന്നാണ്.“ഊര്‍ജ്ജിതാശയ“,“പ്രിയമാനസാ നീ പോയ് വ‌രേണം”,“സഖിമാരെ നമുക്കു”,“പോക പൂങ്കാവിലെന്നു പുതുമധു വചനേ”,“ചലദ‌ളി ഛങ്കാരം ചെവിക‌ളിലങ്കാരം”,“മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ”,“കണ്ടാലെത്രയും കൌതുകം”,“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?”,“കണ്ടേന്‍ നികടേ നിന്നെ”,“പ്രീതിപൂണ്ടരുളുകയേ”,“കണ്ടേന്‍ നികടെ“,“പ്രീതിപൂണ്ടരുളുകയേ“,“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്നീ പദങ്ങ‌ളെല്ലാം അതിഗംഭിര‌മായിത്തന്നെ ശ്രീ മധു ആലപിച്ചു. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്നത് ദേശ് രാഗത്തിലാണ് പാടിയത്. തുടക്കത്തില്‍ അത്ര ലയം വന്നില്ലെങ്കിലും രണ്ടാമ‌ത്തെ ആവര്‍ത്തനം മുതല്‍ അത് ഒന്നാന്തരമായി. “ഹന്ത! ഹംസമേ“ എന്ന പദം നീലാംബരിയില്‍ മധുവിന്റേയും രാജീവന്റേയും ക‌ളകണ്ഠം വിട്ടൊഴുകി ആസ്വാദകരുടെ കര്‍ണ്ണങ്ങ‌ള്‍ക്ക് അമൃതമായിത്തീര്‍ന്നു കാണണം. ഇതെഴുതുന്ന‌യാള്‍ അടുത്തകാല‌ത്തൊന്നും ആരും പാടിക്കേട്ടിട്ടില്ല ഇങ്ങനെ. ക‌ളി കഴിഞ്ഞപ്പോ‌ള്‍ ഇതുവരെ പരിചയപ്പെടാന്‍ സാധിയ്ക്കതിരുന്ന ശ്രീ മധുവിനെ നേരിട്ട് കണ്ട് അനുമോദിയ്ക്കാന്‍ ഭാഗ്യമുണ്ടായി. എളിമയോടെയുള്ള ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു.

മേളം

ശ്രീ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുല‌ര്‍ത്തി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അരങ്ങുപരിചയം വെച്ചു നോക്കുമ്പോ‌ള്‍ ഇതിലും ന‌ന്നായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കേണ്ടതാണ്. ന‌ളന്റെ വീണ‌വായന ചരല്‍ക്കല്ല് വാരിയെറിയുന്നതുപോലെ തോന്നി ശ്രീ ഉണ്ണികൃഷ്ണന്‍ കൊട്ടിയപ്പോ‌ള്‍. ശ്രീ കലാ. ഹരികുമാറിന്റെ മ‌ദ്ദ‌ളം മോശമായില്ല.

ആഹാര്യം

ശ്രീ ആര്‍ എല്‍ വി സോമ‌ദാസിന്റെ ചുട്ടി ന‌ന്നായിരുന്നു. കോപ്പുക‌ളും ന‌ല്ല നില‌വാരം പുലര്‍ത്തി

ചുരുക്കിപ്പറഞ്ഞാല്‍ ഇതെഴുതുന്ന‌യാളിനെ സംബന്ധിച്ചിടത്തോളം ന‌ല്ല സംതൃപ്തി തോന്നിച്ച ഒരു ക‌ളിയായിരുന്നു ദൃശ്യവേദിയുടെ ന‌ളചരിതം ഒന്നാം ദിവസം.