Friday, May 15, 2009

മാമ്പൂപ്പാടവും പുതിയ സിനിമാപ്പക്ഷിക‌ളും

ഗിരീഷ് പുത്തഞ്ചേരിസാര്‍ രചിച്ച് പല സംഗീത സം‌വിധായക‌ര്‍ ഈണം പക‌ര്‍ന്ന ശ്രവണ‌സുഖം ന‌ല്‍കുന്ന കുറേ പാട്ടുക‌‌ള്‍ ഇറങ്ങിയിട്ടുണ്ട്. കേള്‍ക്കുന്ന‌തൊക്കെ കൊള്ളാം. അര്‍ത്ഥം നോക്കിയാല്‍.. ഹൊ ന‌മിച്ചു പോകും. ശ്രവണ‌സുഖ‌വും കവിത്വവുമുള്ള കുറേ വാക്കുക‌ള്‍ എടുത്ത് ചുമ്മാ പ്ര‌ത്യേകിച്ച് ഒര‌ര്‍ത്ഥവും ഇല്ലാതെ ഉണ്ടാക്കിയ പാട്ടുക‌ളാണിത് എന്ന് എനിക്ക് തോന്നിയത് ഞാന്‍ ശാസ്തമ‌ംഗല‌ത്ത് താമ‌സിക്കുന്ന കൊണ്ടാണോ?

ഈ അര്‍ത്ഥമില്ലായമ ഒക്കെ ഉടലെടുക്കുന്നത് അണ്ണാ.. ഒരു വരി "മ" യില്‍ തുടങ്ങിയാല്‍ അടുത്തതും "മ" തന്നെ വേണമെന്ന് അണ്ണന് നിര്‍ബ്ബന്ധമുള്ളത് കൊണ്ടല്ലേ? അത് ഓക്കെ. അണ്ണന്റെ വരി. അണ്ണന്റെ "മ". അതിനിങ്ങനെ അക്രമിക്കാവോ അണ്ണാ?

ചിത്രം : ഓർക്കുക വല്ലപ്പോഴും
സംഗീതം: എം.ജയചന്ദ്രൻ

"നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ"

മാമ്പൂപ്പാടമേ! - മാവ് പാടത്ത് കൃഷിചെയ്ത് അതില്‍ പൂപിടിച്ച ഈ പാടം. .. അങ്ങന‌ത്തെ ഒരു പാടം .... ഒരൊന്നരപ്പാടമാരിക്കും. ഹോ എന്നാ ക്രിയേറ്റിവിറ്റി!
കുഞ്ഞുമഞ്ഞക്കിളിക്കണ്ണേ - ഹോ .. ആ പെങ്കൊച്ചിന്റെ കണ്ണെന്നാ കണ്ണാരിക്കും. നാട്ടില്‍ കാണാറുള്ള മ‌ഞ്ഞക്കിളിക്ക് ചുവപ്പു വട്ടത്തില്‍ കറുത്ത കണ്ണാണേ.
കണ്ണാരേ ന്നു വെച്ചാ എന്നതാണോ എന്തോ?

ചിത്രം: ബനാറസ്‌
സംഗീതം: എം.ജയചന്ദ്രൻ

"പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ
രാത്രി മൈന കാതിൽ മൂളിയോ "


രാത്രിമൈന‌യോ? അതെന്ത് പക്ഷി‌യാന്നോ എന്തോ?
(ഈ പാട്ടിന്റെ ബാക്കിഭാഗം ഒരു ര‌ക്ഷയുമില്ല. അതുകൊണ്ട് വിട്ടുപിടിക്കുന്നു)


ചിത്രം: ബനാറസ്‌
സംഗീതം: എം.ജയചന്ദ്രൻ

കൂവരം കിളിപൈതലേ
കുണുക്കു ചെമ്പകതേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി
കുടനിവർത്തണതാരെടീ
മുത്താരം കുന്നുമേൽ മാമഴമുത്തണെടീ
കുപ്പിവളയ്‌ക്കൊരു കൂട്ടുമായ്‌
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ

അല്ലാ. ഇതെന്തോന്നാ ഈ ആമ്പല‌ക്കുളിര്?
മുത്താരം : മ‌ല‌യാള സിനിമാഗാരചയിതാക്ക‌ള്‍ ലോഭമില്ലാതെ ഉപയോഗിക്കുന്ന ഒരു വാക്കാണ് മുത്താരം. മുത്താരം കുന്ന്, മുത്താരം മുത്ത്, മുത്താരം മുത്താന്‍, മുത്താരമായ് മാറാം, മുത്താരം കല്ല്, മുത്താരം കെട്ടട്ടെ. ഹൊ! ഇതു കൂടാതെ മിന്നാരം, പുന്നാരം എന്നിവയും ഉണ്ടേ...
കുട്ടിമണിക്കുയിൽ : മ‌ല‌യാള സിനിമാഗാരചയിതാക്ക‌ള്‍ സാഹിത്യത്തിന് സംഭാവന ചെയ്ത മ‌റ്റൊരു സാങ്കല്പ്പിക പക്ഷി. ബാക്കിയുള്ളവ താഴെ ചേര്‍ക്കുന്നു. കടപ്പാട് ജ്ഞാനിയായ അനോണി അന്തോണിയുടെ
"സിനിമാക്കിളി ക്വിസ്: (വേറേ ഒരു പണിയുമില്ല)" എന്ന പോസ്റ്റിന്.
കുട്ടിമണിക്കുയിൽ,കരിമിഴിക്കുരുവി,വാഴപ്പൂങ്കിളി,അമ്മൂമ്മക്കിളി,കൃഷ്ണപക്ഷക്കിളി,താമരക്കുരുവി,ഓലേഞ്ഞാലി കുരുവി,രാത്രിമൈന‌,മഞ്ചാടിമൈന.

പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌
കട്ടുറുമ്പമ്മേ കുട്ടികുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻപാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തുതരാം വരമ്പിൽ
കല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാം


പിന്നെ! തുമ്പി ചോറല്ലേ ശാപ്പിടുന്നത്.

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും
ചിന്നച്ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാൻ പയർവറുക്കാം കുളിരിൻ
കൂടാരം തേടാനായ്‌ അന്തിക്ക്‌ ചേക്കേറാം

മഞ്ചാടിമൈനേ : ദേ പുതിയ മൈന. എന്റണ്ണാ...............................
===========================================

ഇതെല്ലാം കണ്ടേച്ച് "എന്നാ ചൊണേണ്ടെങ്കി നീ എഴ്തെടാ ഒരു സിനിമാപ്പാട്ട്" എന്നാരും പറയല്ലേ.
പണ്ട് ജഗതിയുടെ ഒരു കഥാപാത്രം ഒരു സിനിമ‌യില്‍ പറയുന്നുണ്ട്.
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മക‌ള്‍ മേയുന്ന
തിരുമുറ്റ‌ത്തെത്തുവാന്‍ മോഹം." ഹും. ഇതൊക്കെയാണോടെ കവിത! ഓര്‍മ്മക‌ള് മേയും പോലും. ഓര്‍മ്മക‌ളെന്താ പശുക്ക‌ളോ മേയാന്‍? ഇത് കേക്കിന്‍. നല്ല ബെസ്റ്റ് കവിത.
കടലു കട കണ്ടു
കട കടലു കണ്ടു
കടലു കടയോടു കടല കടം ചോദിച്ചു.
കട കടോ കട കടോ കിടോ കിടോ
"

ഇതൊക്കെ തന്നെയല്ലേ ഇപ്പോ‌ള്‍ പ്രാക്ടിക്കല്‍ സിനിമാഗാന‌രചന?