Sunday, June 21, 2009

തയ്യാറെടുപ്പ്

"ശ്ശോ.. ഡീ കൊച്ചേ.. നീയാണോ ഈ ഡൈനിംഗ് ടേബിളേ കമ്പ്ലിറ്റ് പേന കൊണ്ട് കുത്തിവരച്ചിരിക്കുന്നേ?"

"ആ അച്ചാ.. ഞാനാ" മകളുടെ മറുപടി

എനിയ്ക്ക് ദേഷ്യം വന്നു. "നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടൊണ്ട് ഇങ്ങനെ കുത്തി വരയ്ക്കല്ലേന്ന്. നിനക്കു വല്ല പേപ്പറേലോ ബുക്കേലോ മറ്റോ വരച്ചാ പോരേ?"

"അച്ചാ.. അച്ചനല്ലേ പറഞ്ഞിട്ടൊള്ളത്, "മോളേ.. യു ഹാവ് ടു മേക്ക് എ മാര്ക്ക് ഇന് ദിസ് വേള്ഡ്" എന്ന്. ഡെസ്ക്കേ തൊടങ്ങിയാലേ വേള്ഡിലൊക്കെ മാര്ക്കൊണ്ടാക്കാന് പറ്റത്തൊള്ളൂ?"

"##&&****"

Friday, June 19, 2009

പണിക്കുറവില്ലാത്തതും പണിക്കൂലിയില്ലാത്തതും ഇഷ്ടമില്ലാത്തവര്

റിസഷനും ശമ്പ‌ളം കുറക്കലും ജോലിക്കൂടുതലുമൊക്കെയായി മാസം നാലായി പോകുന്നു.
ഇടക്കുള്ള ചായ സെഷനുക‌ളില്‍ കൊടുമ്പിരിക്കൊള്ളുന്ന ച‌‌ര്‍ച്ചക‌ള്‍, ഉരുളാനിടയുള്ള തലക‌ള്‍, മാനേജ്മെന്റ് ഇന്നെഫിഷ്യന്‍സിയെപ്പറ്റിയുള്ള ഘോരവിമ‌ര്‍ശന‌ങ്ങ‌ള്‍.

അടുത്തിടെയുള്ള ചായകുടി നാട്ടുവ‌ര്‍ത്തമാന‌ത്തിനിടെയില്‍ ആരോ പറഞ്ഞു."റിസഷന്‍ മാറി. അറിഞ്ഞില്ലേ?"
പറഞ്ഞവനെ ആരും കൊന്നില്ല. ചിരിച്ച് വധിച്ചു.
ചോദ്യം "ലേ ... നൂറ് പേരെ പിരിച്ച് വിടാന്‍ പോണ്. അറിഞ്ഞില്ലേ" എന്നോ " ശമ്പ‌ളം കൊര്‍ച്ചൂടെ വെട്ടാന്‍ പോണ്" എന്നോ ആയിരുന്നെങ്കില്‍ പ്രതികരണം പോസിറ്റീവ് ആയേനേ.

ജോലി ചെയ്യുന്ന പ്രോജക്ടില്‍ നിന്നും കഴിഞ്ഞയാഴ്ച പത്തറുപതുപേര് രാജി സമ‌ര്‍പ്പിച്ചിരിക്കുന്നു. പ്രോജക്റ്റിലെ അസംതൃപ്ത വിഭാഗത്തിലുള്ള ഒരുത്തനോട് വ്യക്തിപരമായി തിരക്കിയപ്പോ‌ള്‍ അവന്‍ പറയുന്നു.
"അണ്ണാ.. ഇവിടുത്തെ പുതിയ സ്ലോഗന്‍ കേട്ടില്ലേ?"

"അതെന്തുവാടേ?"

"പണിക്കുറവുമില്ല്ല... പണിക്കൂലിയുമില്ല... പിന്നെന്തിനാണ്ണാ പണി?

Wednesday, June 10, 2009

കഥ പറയുകയാണെങ്കില്‍

"കത പറഞ്ഞു തന്നാലേ ചോറുണ്ണത്തൊള്ളൂ" "

"എടീ നിന്നോടാ പറഞ്ഞെ വാ പൊളിക്കാന്. ഹോ! എന്റീശ്വരാ.. ഞാന് തോറ്റു. എന്റെ കുഞ്ഞേ. ഒന്നു വാ പൊളി""അമ്മ കത പറ. അല്ലെങ്കി ഞാന് വാ പൊളിക്കത്തില്ല."

വായിച്ചുകൊണ്ടിരുന്ന ന്യൂസ്പേപ്പര് നെഞ്ചിലേക്കിട്ട് ഞാന് ചെവിയോ‌ര്‍ത്തു. ഭാര്യയും മകളും തമ്മി‌ല്‍ മകളുടെ ഭക്ഷണ സമയത്തുള്ള സ്ഥിരം സംഘട്ടന രംഗമാണ് അരങ്ങേറുന്നത്. ഇനി ഏതു കഥയാണാവോ?

"ഹോ! ഇനി ഏതു കഥ പറയാനാ കുഞ്ഞേ?""ഇം.... കീരീടേം പാമ്പിന്റേം കത പറഞ്ഞാ മതി""ഇയ്യോ! പതിനായിരം പ്രാവശ്യം പറഞ്ഞിട്ടോള്ളതല്ലേ""ആ കത മതീ.ആ കത മതീ.......""ശരി ശരി വാ പൊളി ... ആ ആ ആ അം!"

അപ്പോ‌ള്‍ ഫസ്റ്റ് ഉരുള വായില് കയറിയെന്ന‌ര്‍ത്ഥം. ഞാന്‍ പേപ്പ‌ര്‍ നിവര്‍ത്തി വായന തുടങ്ങി. പശ്ചാത്തല‌ത്തില്‍ പാമ്പിനെ കൊന്ന കീരിയെ, തന്റെ കുഞ്ഞിനെ കടിച്ചവന്‍ എന്ന് ഒരമ്മ തെറ്റിദ്ധരിച്ച് കൊന്നുക‌ള‌ഞ്ഞ കഥയും ചോറൂണും “വാ പൊളി കുഞ്ഞേ” ആക്രോശങ്ങ‌ളും തകൃതിയായി മുന്നേറുന്നു.

ഉരുള‌ക‌ള്‍ പല‌തുകഴിഞ്ഞ് കഥ പര്യവസാന‌ത്തിലെത്തിയെന്ന് മ‌നസ്സിലായി

"അപ്പോ....ആലോചനയില്ലാതെ ഒരു കാര്യവും ചെയ്തുകൂടാ എന്നാണ് ഈ കഥേന്ന് നമക്ക് പഠിക്കാനൊള്ളത്. ആ.. കഴിച്ചേ.. അല്ലേ . ചുമ്മാ ചവച്ചോണ്ടിരിക്കുവാണോ?"

മൗനം.

ഞാന് പേപ്പ‌ര്‍വായന നി‌ര്‍ത്തി ശ്രദ്ധിച്ചു. ചെറിയ ഒരു തേങ്ങലിന്റെ ശബ്ദം. മക‌ള്‍ ഗദ്ഗദം കൊള്ളുന്നു.

"അയ്യേ കരയുന്നോ? ദേ മക്കളീ ചോറൂടുണ്ടേ. രണടുരുളേം കൂടല്ലേയുള്ളൂ. വാ പൊളിച്ചേ"

"ഉം...ഉം. വേണ്ട. എനിക്ക് സങ്കടം വരുന്നു"

"എന്തിന്?"

"കീരി ചത്തുപോയില്ലേ? അമ്മയ്ക്ക് സങ്കടം വന്നില്ലേ? അതാ"

"ങാഹാ. അതാണോ കാര്യം? കഥ തീ‌ര്‍ന്നില്ലല്ലോ. ഇനീമൊണ്ട്. ദേ ഈ ചോറൂടുണ്ടാല് പറഞ്ഞുതരാം"
ഏ! ഈ കഥ ഇനിയും ഉണ്ടെന്നോ? അതേതു ഭാഗം ? ഞാന് ചെവിയോ‌ര്‍ത്തു.

"ആ പറ. ആ"

"ആ അം. അതൊക്കെ കഴിഞ്ഞ് അമ്മ ചുമ്മാ തിണ്ണയിലിരുന്നപ്പോള് ഒരു കൊച്ചു കീരിക്കുഞ്ഞ് അതുവഴി വന്നു. അമ്മ അതിനെയെടുത്ത് അകത്തുകൊണ്ടുപോയി പാലും പഴവും ഒക്കെ കൊടുത്തു. കീരിക്കുഞ്ഞിന് വല്യ സന്തോഷമായി. അങ്ങനെ ആ കീരിക്കുഞ്ഞ് സന്തോഷമായിട്ട് അവിടെ വള‌ര്‍ന്നു. "

"ന്നിട്ട്?"

"പിന്നൊരു ദിവസം അമ്മ പണ്ടത്തെപ്പോലെ വെള്ളം കോരാ‌ന്‍ പോയിട്ട് വരുമ്പോ‌ള്‍ കീരിയുണ്ട് ചോരയുമൊലിപ്പിച്ച് മുന്‍പില്‍. ഇത്തവണ അമ്മ കീരിയെ കൊന്നില്ല. പകരം ഓടി വീട്ടില് ചെന്നപ്പോ‌ള്‍ എന്താ കണ്ടത്?"

"എന്താ കണ്ടത്?"

എന്തായിരിക്കും കണ്ടത് എന്നറിയാന് എനിക്കും ഉല്‍ക്കണ്ഠയായി.

"അവിടെ കുഞ്ഞിരുന്ന് കളിക്കുന്നു. തൊട്ടപ്പുറത്ത് ഒരു പാമ്പ് ചത്ത് കിടക്കുന്നു. അമ്മയ്ക്ക് മനസ്സിലായി കീരി പാമ്പിനെ കൊന്നതാണെന്നും തന്റെ കുഞ്ഞിനെ രക്ഷിച്ചതാണെന്നും. അമ്മയ്ക്ക് സന്തോഷമായി. അമ്മ കീരിക്ക് പാലും പഴവും ഒക്കെ കൊടുത്തു. എന്നിട്ട് അവരെല്ലാം കൂടി സന്തോഷമായി ജീവിച്ചു. ആ ആ അം. ഹോ! ചോറ് തീ‌ര്‍ന്നു."

ഞാന്‍ ദീ‌ര്‍ഘനിശ്വാസം വിട്ടു. ദു:ഖപര്യവസായിയാരുന്ന ഒരു കഥ ഇതാ സന്തോഷ പര്യവസായിയായിരിക്കുന്നു.

ഞാനെഴുന്നേറ്റ് ഭാര്യയുടെ അടുത്തേക്ക് ചെന്നു.

"കൊള്ളാവല്ലോടീ. നീ തക‌ര്‍ത്തു. കഥയുടെ എക്സ്റ്റന്‍ഷന്‍ കലക്കി. മെഗാസീരിയലിന്റെ സംവിധായകന്മാര് കഥ നീട്ടുന്നപോലെ നിസ്സാരമായി അങ്ങ് നീട്ടി. കിടിലം കേട്ടോ"

ഭാര്യ നിസ്സാരമായി പറഞ്ഞു.
"എനിക്കെന്റെ കുഞ്ഞു വല്ലതും കഴിക്കണം അത്രയേ ഒള്ളൂ. അവള് കഴിച്ച് തീരുന്നതു വരെയാ കഥയുടെ നീളം"

കഥ പറയുകയാണെങ്കില്‍.... ഇങ്ങനെ പറയണം!