Thursday, May 13, 2010

എന്നുമുള്ള കാഴ്ചക‌ളും ചിന്തക‌ളും - 1

(1)

എറണാകുളം മുതല്‍ തിരുവ‌ന്തപുരം വരെ യാത്ര ചെയ്യുമ്പോ‌ള്‍ റോഡിനിരുവശത്തുമുള്ള കൂറ്റന്‍ ഫ്ലക്സുക‌ളില്‍ വെള്ളാപ്പ‌ള്ളി ന‌ടേശന്റേയും ഗോകുലം ഗോപാലന്റേയും ഇടയില്‍ ശ്രീനാരായണഗുരുദേവന്‍ ചമ്മ്രം പടിഞ്ഞ് ഇരിക്കുന്നു. അബ്കാരിക്കും

ബ്ലേഡ് കമ്പനിയുടമക്കും ഇടയില്‍ ദൈന്യത‌യോടെയുള്ള ആ ഇരിപ്പ് വേദന‌യുള‌വാക്കുന്നു. ചിന്തിപ്പിക്കുന്നു.

(2)

വിപ്ലവപ്പാര്‍ട്ടിയുടേ മ‌ന്ത്രിമാര്‍ സ്ക്കോഡക‌ളിലും ലോഗനിലും ചീറ്പ്പാഞ്ഞുപോകുന്നു. അകമ്പ‌ടിക്ക് മുന്‍പിലും പിറ‌കിലുമായി ഈരണ്ടു ജീപ്പ് പോലിസ്, പിന്നെ ഒന്നു രണ്ട് കാറുക‌ള്‍.
ഇവ‌ര്‍ക്കെന്തിനാണ് അകമ്പടി?
ഇവ‌ര്‍ ആരെയാണ് ഭയക്കുന്നത്?
ഇവരെന്തിനാണ് വോട്ട് കൊടുത്ത കഴുതക‌ളെ പോലീസിനെക്കൊണ്ട് "മാറിനില്‍ക്കെടാ" എന്ന് ആക്രോശിപ്പിച്ച് ആട്ടിപ്പായിക്കുന്നത്?
വിലക‌ള്‍ മേല്പ്പോട്ട്. സാധാരണക്കാരനെ നോക്കി കൊഞ്ഞനം കുത്തുന്ന വാര്‍ത്തക‌ള്‍ക്ക് അവസാന‌മില്ല.
ഇവ‌ര്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ പോകുന്നത്? എന്തു ചെയ്യാനാണ്? ഇവരെന്താണിവിടെ ചെയ്യുന്നത്?

(3)

അദ്ദേഹം ഉറങ്ങുകയാണ്. നിയമ‌സഭയുടെ വാര്‍ത്തക്കാഴ്ചക‌ളില്‍... പൊതുവേദിക‌ളില്‍.... എന്തിന്, പടുകൂറ്റന്‍ പോലീസ് വാനിന്റേയും മൂന്നും നാലും പൈലട്ട് വാഹന‌ങ്ങ‌ളുടെയും അകമ്പടിയോടെ തല‌സ്ഥാന‌ത്തെ തെരുവീഥിക‌ളിലൂടെ പോകുമ്പോഴും അദ്ദേഹത്തിന്റെ തല താഴ്ന്നുതന്നെയിരിക്കുന്നു. ഉറക്കം കൊണ്ടോ അതോ ല‌ജ്ജ കൊണ്ടോ?
ഏതാനും വ‌ര്‍ഷങ്ങ‌ള്‍ക്കു മുന്‍പ് മാദ്ധ്യമക്കാഴ്ചക‌ളില്‍ സാധാരണ‌ക്കാര‌ന്റെ ചിന്തക‌ള്‍ക്കും ആഗ്രഹങ്ങ‌ള്‍ക്കും തന്റെ വാക്കിലൂടെ അഗ്നികൊളുത്തി തല‌യുയ‌ര്‍ത്തിനിന്ന വിപ്ലവകാരിയായ ചുറുചുറുക്കുള്ള അന്നത്തെ വി.എസ് എവിടെ? അന്യായപ്പെരുമ‌ഴയില്‍ തണുത്തു വിറങ്ങ‌ലിച്ചുനില്‍ക്കുന്ന ശരാശരി മ‌ല‌യാളിയുടെ തലക്ക് മീതെ ഒരു ചേമ്പില പോലും പിടിച്ചുകൊടുക്കാന്‍ കഴിയാതെ, സ്വാ‌ര്‍‍ത്ഥയുടെ കമ്പിക‌ളില്‍, അസ്വസ്ഥജന‌കമായ തന്റെ മൗന‌ം കൊണ്ട് ശീലയിട്ട് നന‌യാതെ നന‌ഞ്ഞ് നിന്ന് തല‌കുമ്പിട്ടിരുന്ന മ‌യങ്ങുന്ന ഇന്നത്തെ വി.എസ് എവിടെ?
(4)
നാലര‌ക്കൊല്ലമായി ഉഴുതുമ‌റിച്ചിട്ട കുട്ടനാടന്‍ നില‌ങ്ങ‌ളെപ്പോലെ കിടന്നിരു ന്നു തല‌സഥാന‌ത്തെ റോഡുക‌ള്‍ . നാല‌രക്കൊല്ലം ചെളിക്കുണ്ടില്‍ നീന്തിയും പൊടിയുടെ നേ‌ര്‍ത്ത ധൂളിക‌ള്‍ ശ്വാസകോശങ്ങളില്‍ നിറച്ചും എത്രയെത്ര സ്കൂ‌ള്‍ക്കുട്ടിക‌ള്‍, എത്ര തൊഴിലളിക‌ള്‍, എത്ര ഗുമസ്ത‌ര്‍, എത്ര വീട്ടമ്മമാര്‍ ഈ വഴികളിലൂടെ പ്രാകിയും ചുമച്ചും കടന്നുപോയി? ശീതിക‌രിച്ച കാറുക‌ളില്‍ പൊടിക്കും അഴുക്കിനും കടന്നുചെല്ലാന്‍ കഴ്യാത്തതുകൊണ്ട് മാത്രമാണോ നമ്മുടെ പ്രതിനിധിക‌ള്‍ ഇതൊന്നും അറിയാതെ പോയത്? അടുത്തിടെയായി ഈ വീഥിക‌ളെല്ലാം നിരന്ന് കറുത്തു മിനുങ്ങിത്തുടങ്ങിയിരിക്കുന്നു ഇത് അടുത്തു വരുന്ന ഒരു തിരഞ്ഞെടുപ്പിനെയല്ലാതെ മ‌റ്റെന്തിനെയാണ് ഓര്‍മ്മിപ്പിക്കുക?

2 comments:

ബയാന്‍ said...

>>>ഇവ‌ര്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ പോകുന്നത്? എന്തു ചെയ്യാനാണ്? ഇവരെന്താണിവിടെ ചെയ്യുന്നത്?<<<

ഇവരെന്താണിവിടെ ചെയ്യുന്നത്. നാമും.

Unknown said...

സ്വയം നന്നാവുന്നതല്ലാതെ വേറെ എന്താ ഇവര്‍ ഭരിച്ച് നന്നാക്കുന്നത്? കട്ടുമുടിക്കുന്നതിന്‍റെ ചെരിയോരംശമെങ്കിലും നാടിന് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍...?? പുതു തലമുറയില്‍ ആര്‍ക്കാണ് ഇപ്പറഞ്ഞ രാഷ്ട്രീയക്കാരിലും നേതാക്കളിലും ഒക്കെ വിശ്വാസം? എല്ലാം മാറുന്ന ഒരു കാലം വരും(ആകാശത്തോളം സ്വപ്നം കാണുക അല്ലേ...??)...