Thursday, June 17, 2010

ആത്മാ‌ര്‍ത്ഥത

ജോലി ചെയ്ത് ന‌ടുവൊടിഞ്ഞു. ലീവിന്റെ കാര്യം കോഞ്ഞാട്ടയാണ്. മാനേജ‌ര്‍ ലീവ് തരില്ല.
വ‌ട്ടായി അഭിന‌യിച്ചാല്‍ ലീവ് കിട്ടുമെന്ന ഐഡിയ കൊള്ളിയാനായി മിന്നി.
സീലിംഗില്‍ കണ്ട ഒരു സ്റ്റീല്‍ ഹാംഗറില്‍ തല‌കീഴായി തൂങ്ങിക്കിടക്കാം.
ഹോ! എന്നാ ഐഡിയാ!
കിടന്നു. ഹമ്മേ.. ശ്ശാസം മുട്ടണ്...
തൊട്ടപ്പുറത്തെ കുബിക്കിളില്‍ ഇരിക്കുന്ന ബിസിന‌സ്സ് അന‌ലിസ്റ്റ്, സുന്ദ‌രി, അതിബുദ്ധി‌മ‌തി സംഭ‌വം കണ്ട് വ‌ട്ടായി.
"ശേ.. ഡേ എന്തോന്നാ ഈ കാണിക്കുന്നേ?"
"ഡീ.. എനിക്ക് ലീവ് വേണം. അയ്യാള് തരില്ല. അതോണ്ട് വട്ടായി അഭിന‌യിക്കു‌വാ. നീ ന‌ന്നായിട്ടൊന്ന് സപ്പോ‌ര്‍ട്ട് ചെയ്തേരെ."
മാനേജ‌ര്‍ കയറി വന്ന‌പ്പോ‌ള്‍ എന്റെ കിടപ്പ് കണ്ട് അന്ത‌ം വിട്ടു.
" ഹേയ്.. നീയെന്താ ഈ കാണിക്കുന്നത്? വാട്സ് ഗോയിംഗ് ഓന്‍ ഹിയ‌ര്‍"
"സാര്‍.. ഞാന്‍ ഒരു ലൈറ്റ് ബ‌ള്‍ബാണ്. പ്രകാശേട്ടനെ കിട്ടുന്നില്ലേ. നൂറ്റിപ്പത്ത് വാട്സ്"
"ഓ ബോയ്. നീ ജോലി ചെയ്ത് പണ്ടാരമ‌ടങ്ങിരിരിക്കുന്നു. പോ വീട്ടില്‍ പോയി രണ്ടു ദിവസം റെസ്റ്റെടുത്തിട്ടു വാ. ലീ‌വെടുത്തോ"

ലൈറ്റ് ബ‌ള്‍ബായ ഞാന്‍ ഉള്ളില്‍ ചിരിച്ച് സ്വന്തം പുറത്ത് തട്ടി അഭിന‌ന്ദിച്ചിട്ട് താഴെയിറങ്ങി പുറത്തേക്ക് പോകാന്‍ നേരം സ‌ഹപ്രവ‌ര്‍ത്തക ബുദ്ധിമ‌തിയും എന്നെ ഫോളോ ചെയ്യുന്നു.
മാ‌നേജ‌ര്‍ അവ‌ളോട് " ഹേയ് നീ എവിടെ പോകുന്നു?"
അവ‌ള്‍ "ഞാനും വീട്ടീപ്പോകുവാ സാ‌ര്‍. എന്നെക്കൊണ്ടെങ്ങും വ‌യ്യ ഇരുട്ട‌ത്ത് ജോലി ചെയ്യാന്‍ "


കടപ്പാട് : ബ്ലോണ്ട് ജോക്സ്

Monday, June 7, 2010

ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍

നാട്ടില്‍ ഉള്ള സക‌ല‌മാന സാധന‌ങ്ങ‌ള്‍ക്കും അംബാസഡ‌ര്‍മാരുണ്ട്. ഇതാണ് ഇപ്പോ‌ള്‍ ലേറ്റസ്റ്റ് ഫാഷന്‍. അംബാസ‌ഡ‌ര്‍ ഇല്ലാത്ത ഉല്പ്പന്ന‌മാണോ. അതൊന്നും ഇവിടത്തെ ഒരു മ‌നുഷേനും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. സ്വര്‍ണ്ണക്കട‌ക്കാ‌ര്‍ തുടങ്ങിയ ഈ കലാപരിപാടി ബാങ്കുക‌ളും ബ്ലേഡ് കമ്പനിക‌ളും മുറുക്കാന്‍ക‌ടക‌ളുമൊക്കെ ഏറ്റുപിറ്റിച്ചതോടെ, മറ്റൊരുപാടു മുതലാളിമാരുടെ കൂട്ടായ്മ‌യായ, തൊഴിലാളിവ‌ര്‍ഗ്ഗത്തിന്റെ അനിഷേധ്യരായ മുതലാളിമാ‌ര്‍ നയിക്കുന്ന കേര‌ള‌സ‌ര്‍ക്കാരിനും പൂതി. ന‌മുക്കും വേണം അംബാസഡ‌ര്‍. "എന്തോത്തിനാടാ ഈ കുന്ത്രാണ്ടം.അതെങ്ങനിരിക്കും. പരിപ്പുവടപോലെ കയ്പ്പുള്ള‌താണോ." എന്നൊക്കെയായിരുന്നു പൊതുവേ മ‌ന്ത്രിസഭാംഗങ്ങ‌ളുറ്റെ ആദ്യപ്രതികര‌ണ‌മെങ്കിലും,വല്ലതും തടയുന്ന കേസാണെന്നു കരുതിയാവണം എല്ലാരും മ‌ന്ത്രിസഭായൊഗത്തില്‍ ഉറങ്ങുന്നതിനിടെ കൈയ്യടിച്ച് പാസ്സാക്കി.

അങ്ങ് മുംബൈയില്‍ പരസ്യത്തിലും സിനിമ‌യിലും ഒക്കെ അഭിന‌‌യിച്ച് ന‌ടക്കുന്ന അമിതാഭ്ബച്ചന്‍ എന്ന ഒരു ന‌ടന്‍ ഉണ്ടെന്നും ആള് വലിയ നടനും പ്രശ‌സ്ത‌നും ഒക്കെ ആണെന്നും അതിയാനെപ്പിടിച്ച് ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസ‌ഡ‌ര്‍ ആക്കാമെന്നും ആര്‍ക്കോ ഐഡിയാ ഉദിച്ചു. ഉദിച്ച ഐഡിയാ ഉപ്പുതൊടാതെ പത്രക്കാര്‍ക്ക് കൊടുത്തതോടെ അവരത് പരസ്യവും ചെയ്തു. ഇന്‍ഡ്യന്‍ സിനിമ‌യുടെ ഹിന്ദി പറയുന്ന രോഷാകുല‌നായ ചെറുപ്പ‌ക്കാരന്‍ ആല‌പ്പുഴയിലെ ചുണ്ടന്‍ വ‌ള്ള‌ത്തില്‍ ക‌യറിയിരുന്ന്
'വരു കല്ല് (ള്ള് ) കുടിച്ചുകൊണ്ട് വ‌ല്ലം (ള്ളം) ക‌ളിക്കൂ" എന്നും 'കതക‌ളി ന‌മ്മുടെ സ്വന്തം കല' എന്നുമൊക്കെ പറയുന്നതായി സ്വപ്നം കണ്ടൂ ടുറിസം മ‌ന്ത്രി. അപ്പോഴാണ് അന്വേഷണ‌കതുകിക‌ളും സ‌‌‌ര്‍വ്വോപരി ഹിന്ദു‌വ‌ര്‍ഗ്ഗിയതയെ, പ്രീണ‌നത്തെ മുച്ചൂടും വെറുക്കുന്ന ഒരു പറ്റം സഖാക്ക‌ള്‍ അറിഞ്ഞത്, ബച്ചന്‍ കടുത്ത ആറെസ്സെസ്സുകാര‌നാണെന്ന്. അതൊടെ ബച്ചന്‍സിന്റെ ചീട്ടും കിറി. ഒപ്പം അംബാസഡറിന്റെയും. 'മനുഷ്യനെ വിളിച്ചുവരുത്തിട്ട് ഒരുമാതിരി മ‌റ്റേപ്പരിപാടി കാണിക്കരുത്" എന്നൊക്കെ നല്ല ഭാഷയില്‍ ഒത്ത വടിവില്‍ ബ്ലോഗിലൊക്കെയെഴുതി ബച്ചന്‍. കിം ഫലം. കേര‌ളാ സ‌‌ര്‍‍ക്കാരിനെപ്പറ്റി ബച്ചനെന്തറിയാം?


പിന്നെയാണ് മ‌ല‌യാളിക‌ള്‍ ഖദ‌ര്‍ ധരിക്കുന്നത് പോരായെന്ന് സ‌ര്‍ക്കാ‌ര്‍ കണ്ടുപിടിച്ചത്. ഇവമ്മാരെയൊക്കെ ഖദ‌ര്‍ ധരിപ്പിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിരിക്കുമ്പോ‌ഴാണ് അംബാസ‌ഡ‌ര്‍ ഐഡിയാ പിന്നെയും വ‌ന്ന‌ത്. മ‌ന്ത്രിമാരെല്ലാമൊത്തുകുടി തല‌പുകഞ്ഞാലൊചിക്കുകയും കേര‌ളം മുഴുവന്‍ ഖദ‌ര്‍ പ്രചരിപ്പിക്കാന്‍ പറ്റിയ ഒരു സെമി ഗാന്ധിയന്‍ പ്രശസ്തനെ തിര‌യുകയും ചെയ്തു. അങ്ങിനെ അവരെല്ലാം കുടി ന‌മ്മുടെ മോഹന്‍ലാലിനെ കണ്ടെത്തി. പ്രശസ്ത ന‌ടന്‍, സ‌ല്‍ഗുണ‌സമ്പന്ന‌ന്‍, സ‌‌ര്‍‌വ്വോപരി ചെറുപ്പക്കാരന്‍. പിന്നെ ഗാന്ധിസം സ‌ഹിക്കില്ല. ഒരേയൊരു കുഴപ്പം ഇടക്കിടെ 'സവാരി ഗിരിഗിരി' യെന്നും 'പോ മോനേ ദിനേശാ' എന്നുമൊക്കെ പറയും എന്ന‌തായിരുന്നു. അതൊരു കുഴപ്പമ‌ല്ലെന്നും പോകെപ്പോകെ അതൊക്കെ ലാല്‍ ശൈലിയില്‍ത്തന്നെ 'രഘുപതി രാഘവ രാജാ റാം' എന്നു പറയിപ്പിക്കാമെന്നും അതൊക്കെക്കണ്‍റ്റ് ഖദറുടുത്ത് മ‌നുഷ്യന്മാ‌ര്‍ പണ്ടാരമ‌ടങ്ങുമെന്നുമൊക്കെ സ‌ര്‍ക്കാരു സ്വപ്നം കണ്ടു. അപ്പൊഴ‌ല്ലേ ഉണ്ടിരുന്ന നാ‌യ‌ര്‍ക്ക് വിളി ഉണ്ടായ പോലെ അഴീക്കൊട് മാഷ് ചാടി വീണത്. മക്ഡവല്‍‌സിന്റെ പരസ്യത്തില്‍ 'വൈകിട്ടെന്താ പരിപാടി' എന്നും ചോദിച്ചുകൊണ്ട് ലാല്‍ അഭിന‌യിച്ച പര‌സ്യ‌ം ഓര്‍മ്മിപ്പിച്ച് മാഷ് സ‌ര്‍ക്കാരിനെ നാണിപ്പിച്ചു. അതുകണ്ട് ആ മുദ്രാവാക്യം ഏറ്റുചൊല്ലി മ‌ദ്യഷാപ്പുക‌ള്‍ക്കു മുന്‍പില്‍ ജാതി മത പ്രായഭേദമില്ലാതെ ജനം കുടിച്ചു മ‌റിയുന്നുവെന്നും ഇയ്യാളെയാണോ ഗാന്ധിയുടെ ഇഷ്ടവസ്ത്രമായ ഖദ‌റിന്റെ അംബാസഡ‌ര്‍ ആക്കാന്‍ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. സ‌ര്‍ക്കാ‌ര്‍ നിന്ന നില്പ്പില്‍ ഒന്നു വട്ടം തൊരിഞ്ഞു. ലാലിനെ ഖദ‌റിന്റെ അംബാസഡ‌ര്‍ സ്ഥാനത്തുനിന്നും നിക്കി; പകരം കൈത്തറി വസ്ത്രങ്ങ‌ളൂടെ ബ്രാന്റ് അംബാസഡ‌ര്‍ ആക്കി. പിന്നല്ലാതെ. ഖദറിട്ടാല്‍ പിന്നെ ക‌ള്ളുകുടിക്കാന്‍ പറ്റില്ലെന്നും കൈത്തറി വസ്ത്രമായാല്‍ അതൊരു പ്രശ്ന‌മേയല്ലെന്നും ആര്‍ക്കാണ‌റിഞ്ഞുകൂടാത്തത്? ഖദറിട്ടുകൊണ്ട് ആരേലും ക‌ള്ളുകുടിക്കുമോ? ഹും!

ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുന്ന സ‌ര്‍ക്കാരിന് ഇനിയും ഒരുപാട് ന‌ല്ല കാര്യങ്ങ‌ള്‍ ചെയ്യാനുണ്ട് എന്ന് പറയാനാണ് ഈ ഖണ്ഡിക നിക്കി വെച്ചിരിക്കുന്നത്. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് 'കൂപ്പുകുത്തുന്ന' കേര‌‌ള‌ത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു നെടുന്തൂണാണ‌ല്ലോ ബിവറേജസ് കൊര്‍പ്പറേഷന്‍. പകല‌ന്തിയോള‌മോ അല്ലെങ്കില്‍ പത്ത് തൊട്ട് പതിനൊന്നു വരെയൊ അധ്വാനിക്കുന്നതും അല്ലാത്തതുമായ ജന‌വിഭാഗത്തിന്റെയും വിദ്യാ‌ര്‍ത്ഥിവ‌ര്‍ഗ്ഗത്തിന്റെയും ഒരിക്കലുമ‌ടങ്ങാത്ത മ‌ദ്യ ദാഹത്തിന് താങ്ങും തണ‌ലുമായി മാതൃക കാട്ടുകയാണ് ഈ സ‌ര്‍ക്കാര്‍. ഇതിനെ എത്ര അഭിന‌ന്ദിച്ചാലാണ് മ‌തി വരിക? ഉദാഹരണ‌ത്തിന് പണ്ടൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെ സ്കൂളില്‍ കുത്തിയിരുന്ന് പഠിച്ചിട്ട് വൈകുന്നേരം വിട്ടില്‍ ചെന്നാല്‍ ചില‌പ്പോ‌ള്‍ രാവില‌ത്തെ ഇഡ്ഡലിയോ ദോശയോ പുട്ടൊ കപ്പയോ വല്ലതുമൊക്കെയായിരുന്നു കഴിച്ചിരുന്നത്. എന്നാലിന്നത് മ‌തിയോ? പോരാ. പഴങ്ങ‌ളായ മുന്തിരി, പറങ്കിപ്പഴം മുതലായവ ഒര‌ല്പം പുളിപ്പിച്ച് വാറ്റിയുണ്ടാക്കുന്ന അത്യപൂര്‍വ്വങ്ങ‌ളായ വൈറ്റമിന്‍സ് എക്സ്ട്രാക്റ്റ്സ് അടങ്ങിയ വിദേശമ‌ദ്യം എന്ന ഓമന‌പ്പേരിലറിയപ്പെടുന്ന നാടന്‍ മ‌ദ്യം മ‌തിയായ അ‌ള‌വില്‍ ചെന്നാലേ ഈ തല‌മുറ വികസിക്കൂ. കേരളം വികസിക്കൂ. ബിവറേജസ് കൊര്‍പ്പറേഷന്റെ തിരുമുറ്റത്തു നിന്നാണ് ഈ ഇളം തല‌മുറ ക്ഷമ‌യുടേയും, സംസ്കാര‌ത്തിന്റെയും അഡ്വാന്‍സ്ഡ് പാഠങ്ങ‌ള്‍ പഠിക്കേണ്ടത്. ക്ഷമ‌യൊടെ ക്യൂവില്‍ നില്‍ക്കുക, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യെങ്കിലും കു‌ടിക്കാനുള്ള ആഗ്രഹം കൊണ്ട് അവിടെ വരുന്ന അപ്പൂപ്പന്മാ‌ര്‍ക്ക് പൈന്റ് മേടിച്ച് കൊടുത്ത് സംസ്കാരത്തിന്റെ പാഠങ്ങ‌ള്‍, അല്ലെങ്കില്‍ മൂത്തവരെ എങ്ങിനെ ബ‌ഹുമാനിക്കണം എന്ന് പഠിക്കുക മുതലായവ.പറ്റുമെങ്കില്‍ ഈ ജന‌കീയ സ‌ര്‍ക്കാ‌ര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേ‌ളയില്‍ 'രണ്ട് രൂപക്ക് ഒരു സ്മാ‌ള്‍' എന്ന പദ്ധതിയും കൂടി ന‌ടപ്പാക്കിയാല്‍ കുശാലായേനെ. സ‌ര്‍ക്കാരിന്റെ യശസ്സും വ‌ര്‍ദ്ധിച്ചേനേ.

പക്ഷേ ഇങ്ങനെയൊക്കെ മ‌തിയോ. ഇതിന് അല്പ്പം കൂടി പോപ്പുലാരിറ്റി കൊടുക്കേണ്ടേ? എന്തുകൊണ്ട് ബിവറേജസ് കൊര്‍പ്പറേഷന് ഒരു ബ്രാന്‍ഡ് അംബാസ‌ഡറെവെച്ച് ഈ മ‌ഹത്തായ സംസ്കാരം സ‌ര്‍ക്കാരിന് ഇനിയും ഒന്നു കുടി സമ്പന്ന‌മാക്കിക്കൂടാ. ഈ എളിയ ചരിത്രകാരന്റെ അഭിപ്രായത്തില്‍ (കേരളം ഈ പോക്ക് പൊയാല്‍ ചരിത്രമാകും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് എന്ന് സൂചിപ്പിക്കട്ടേ) 'അയ്യപ്പ ബൈജു' എന്ന കലാകാര്നേയാണ് ബിവറേജസ് കൊര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസ‌ഡറാക്കേണ്ടത്. അതു വഴി കൂടുത‌ല്‍ കൂടുത‌ല്‍ ആളുക‌ള്‍ ഈ സമ്പന്ന‌മായ പാര‌മ്പര്യത്തില്‍ അണിചേരുകയും തദ്വാരാ കേര‌ള‌ം പേരു മാറി 'സ്മാ‌ള്‍സ് ഓണ്‍ കണ്ട്റി' എന്ന വിശേഷണ‌ത്തിന് അര്‍ഹമായിത്തിരും എന്ന കാര്യത്തില്‍ അല്പ്പവും സംശയമില്ല.



ശുഭം!

തൂമ്പാപ്പണിയും ബ‌ര്‍മ്മുഡയും തമ്മിലുള്ള ബന്ധം [എന്നുമുള്ള കാഴ്ച‌ക‌ളും ചിന്തക‌‌ളും (2)]

പറമ്പു കിളക്കാനും വൃത്തിയാക്കാനും ആളെക്കിട്ടാന്‍ വ‌ള‌രെ ബുദ്ധിമുട്ട്. (ഇതിന് ആല‌പ്പുഴയിലൊക്കെ 'ദേഹണ്ഡം' എന്നും വിളിക്കും). പത്ത് പതിന‌ഞ്ച് കൊല്ലം മുന്‍പ് പറമ്പ് കിള‌ച്ചിട്ടുണ്ട്, കൃഷി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോ‌‌ള്‍ തൂമ്പായെടുത്ത് രണ്ട് വെട്ട് വെട്ടാമെന്ന് വെച്ചാല്‍ പട്ടി അണ‌ക്കുന്നതുപോലെ അണ‌ക്കും. കൈയ്യില്‍ തഴമ്പ് പൊട്ടിയാല്‍ മൗസ് പോലും പിടിക്കാന്‍ പറ്റുകയില്ലെന്നതു പോട്ടേ, മുളകിട്ട മീ‌ന്‍ കൂട്ടാന്‍ കൂട്ടി ചോറ് കുഴച്ചുരുട്ടിയടിക്കാന്‍ പറ്റുമോ? സാഹസം ഉപേക്ഷിച്ചു.
പദ്ധതിപ്രദേശത്തെ പ്രധാന പര‌മ്പരാഗത പറമ്പു പണിക്കരെ തപ്പിയെടുത്തു. മി. സുധീര്‍കുമാ‌ര്‍. പണി ചെയ്യുക എന്നത് ഇദ്ദേഹത്തിന് ഒരു രണ്ടാമ‌ത് മാത്രം വരുന്ന ഒരു പ്രയോറിറ്റി ആകുന്നു. തൊണ്ട‌യിലുള്ള കരകരായെന്നുള്ള ഒച്ചയാണ് സുധീര്‍കുമാറിന്റെ ആയുധം. തൂമ്പയും വെട്ടുകത്തിയും രണ്ടാമ‌തേ വരൂ എന്ന് സാരം. ഒരു തൂമ്പാപ്പണിക്കാര‌ന‌ല്ലായിരുന്നെങ്കില്‍ ഒരു പ്രോജക്റ്റ് മാനേജ‌രോ അല്ലെങ്കില്‍ ഒരു സൂപ്പ‌‌ര്‍‌വൈസ‌ര്‍ എങ്കിലുമോ ആയിത്തിരാനായിരുന്നേനെ അദ്ദേഹത്തിന്റെ യോഗം. അദ്ദേഹം ഒരു വെട്ട് വെട്ടുന്നു. പിന്നീട് ആ പരിസരത്താരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതേതുമായിക്കൊള്ളട്ടേ, ആശാരിയോ, പെയിന്റ‌റോ അതൊ തുമ്പാപ്പണിക്കാ‌ര്‍ തന്നെയോ ആകട്ടെ, അവരുടെ അടുത്ത് ചെന്ന് നിന്ന് തനിക്ക് അറിഞ്ഞുകൂടാത്ത ആ പ‌ണി എങ്ങിനെ ഭംഗിയായി ചെയ്യണം എന്ന് അവ‌ര്‍ക്ക് പ‌റഞ്ഞുകൊടുക്കും അദ്ദേഹം. പിന്നെ ഒന്നും ചെയ്യാനില്ലെങ്കില്‍ (പണിയൊഴിച്ച്. അതു പിന്നെ സെക്കന്‍ഡറി) കൈയ്യും കെട്ടി വെറുതേ നോക്കി നില്‍ക്കും. ചുമ്മാ ഒരു ജോളിക്ക്. അങ്ങിനെ നിന്നുനിന്ന് കാലുക‌ഴ‌ച്ച് ഒടുവില്‍ ഒന്നു ചായകുടിക്കാന്‍ പോകും. അല്ലെങ്കില്‍ ഒന്നിരുന്നു ന‌ടു നീര്‍ക്കും. എന്തായാലും അഞ്ച്മ‌ണിക്ക് വാച്ചില്‍ ചെറിയസുചി അഞ്ചിലും വലിയസുചി പന്ത്രണ്ടിലും വ‌രാതെ പറ്റില്ലല്ലോ. അതോടെ നാടുനടപ്പില്‍ കൂടുതലായി കൂലിയും വാങ്ങി സ്ഥലം വിടാന്‍ നേരമായി. ഇത്തരുണ‌ത്തില്‍ കൃത്യനിഷ്ഠ‌യോടെയുള്ള ദിന‍ച‌ര്യ അദ്ദേഹത്തിന്റെ ശരീര‌ത്തില്‍ കൊള‌സ്ട്രോ‌ള്‍, ര‌ക്താതിമ‌ര്‍ദ്ദം തുടങ്ങിയവ വ‌ര്‍ദ്ധിക്കാനും തദ്വാരാ ടിയാന്‍ അതിരാവിലെ എഴുന്നേറ്റ് ന‌ട‌ക്കാനും വ്യായാമം ചെയ്യാനുമൊക്കെ തുടങ്ങി. ഒരു പക്ഷേ ശാരിരികാദ്ധ്വാനം തൊഴിലായു‌ള്ളവരില്‍ കാലത്തെഴുന്നേറ്റ് ന‌ടക്കാനും ഓടാനും വ്യായാമം ചെയ്യാനും പോകുന്ന ലോകത്തെ ആദ്യതൊഴിലാളി സുധീറായിരിക്കണം. വെള്ള‌യില്‍ മ‌ഞ്ഞ‌യും കറുപ്പും വരയുള്ള ടീ ഷ‌ര്‍‌ട്ടൊക്കെയിട്ട്, അടക്കാമ‌ര‌ത്തില്‍ ആമ‌യെ വെച്ചുകെട്ടിയ‌പോല‌ത്തെ തന്റെ വ‌യറും കുലുക്കി, സുധി‌ര്‍കുമാ‌ര്‍ ന‌ട‌ക്കാന്‍ പോകുന്നു. അധ്വാനിക്കുന്ന ജന‌വിഭാഗ‌ത്തിന്റെ ഒരു പ്രതിനിധിയായി അയാളെ ന‌മുക്ക് കാണാം.

ര‌ണ്ടാമന്‍ ശ്രീജിത്. ദിവാകര‌ന്‍. മി. തല‌പ്പുലയന്‍ ഓഫ് കൊറ്റ‌ന്‍‌കുള‌ങ്ങര. ഓരോ പ‌റമ്പിന്റേയും കണ്ടത്തിന്റേയും അതിരുക‌ളും അതിരുകേടുകളും കരതലാമലം പോലെ സുനിശ്ചിതം. പറ്റിയാല്‍ ഒരല്പം അതിരു കടത്തി വേലി കെട്ടി കുടുംബക്കാരെ തമ്മില്‍ പിണ‌ക്കാനും അത്യാവശ്യം ചില വേലക‌‌ള്‍ കൈയ്യില്‍. കറുത്ത് കുറ്റിയാന്‍. തല‌മുഴുവന്‍ ന‌ര. ലേറ്റസ്റ്റ് വേഷം നീലനിറത്തില്‍ ചതുരങ്ങ‌ലുള്ള കൈലിയും, ചെങ്കല്ലിന്റെ നിറമുള്ള ഷ‌ര്‍ട്ടും. ഇതൊക്കെ കണ്ടും കേട്ടും ഇദ്ദേഹം പറമ്പില്‍ പണിചെയ്ത് ദേഹ്ണ്ഡിച്ചുക‌ള്യും എന്നൊന്നും സഹൃദയ‌ര്‍ ധരിച്ചുപോകരുത്. ദോഷം പറയരുതല്ലോ. അഞ്ചിന്റെ പൈസേടെ പണി ചെയ്യുന്നത് പുള്ളിക്കിഷ്ടമ‌ല്ല. പിന്നെ എല്ലാം ബാക്കിയുള്ളവരുടെ ഒരു നിര്‍ബ്ബന്ധം. ഒരു സംതൃപ്തി. അതിനു പുള്ളി വരും, നില്‍ക്കും , തോന്നിയാല്‍ ചെയ്യും.


തുമ്പാ കൊണ്ട് ഒരു വെട്ട് വെട്ടിക്കഴിഞ്ഞാല്‍ പറഞ്ഞ് വെച്ചത്പോലെ അദ്ദേഹത്തിന്റെ കൈലിയുടെ മ‌ടക്കിക്കുത്തഴിയും. അതൊടെ വെട്ട് നി‌ര്‍‍ത്തുന്നു. പിന്നെ കൈലി മൊത്തമായഴിച്ച്, കുടഞ്ഞ് വീശിയുടുത്ത്, അടുത്ത വെട്ടിന് അഴിയാന്‍ പാക‌ത്തിന് ലൈറ്റായി മ‌ടക്കിക്കുത്തുന്നു.ഈ പ്രക്രിയ അനവരതം തുടരുന്നു. എക്സ്ട്രാ ബ്രേക്കുക‌ള്‍ക്കിടയിലൂടെ.

ഇത് കണ്ട് കണ്ട് സഹികെട്ട സഹ‌ധ‌ര്‍മ്മിണി ഒരു ദിവസം പ്രഖ്യാപിച്ചു.

"അയാ‌‌ള്‍‍ക്ക് ഒരു ബ‌ര്‍മ്മുഡാ നിക്ക‌ര്‍ മേടിച്ച് കൊട്ക്ക്. അപ്പോഴെങ്കിലും ഈ അഴിച്ച് കുട‌ഞ്ഞുടുക്ക‌ല്‍ ഒന്നവ‌സാനിപ്പിച്ച് അത്രേം നേര‌ം കൂടി പ‌ണി ചെയ്യുമ‌ല്ലോ."