Monday, June 7, 2010

തൂമ്പാപ്പണിയും ബ‌ര്‍മ്മുഡയും തമ്മിലുള്ള ബന്ധം [എന്നുമുള്ള കാഴ്ച‌ക‌ളും ചിന്തക‌‌ളും (2)]

പറമ്പു കിളക്കാനും വൃത്തിയാക്കാനും ആളെക്കിട്ടാന്‍ വ‌ള‌രെ ബുദ്ധിമുട്ട്. (ഇതിന് ആല‌പ്പുഴയിലൊക്കെ 'ദേഹണ്ഡം' എന്നും വിളിക്കും). പത്ത് പതിന‌ഞ്ച് കൊല്ലം മുന്‍പ് പറമ്പ് കിള‌ച്ചിട്ടുണ്ട്, കൃഷി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോ‌‌ള്‍ തൂമ്പായെടുത്ത് രണ്ട് വെട്ട് വെട്ടാമെന്ന് വെച്ചാല്‍ പട്ടി അണ‌ക്കുന്നതുപോലെ അണ‌ക്കും. കൈയ്യില്‍ തഴമ്പ് പൊട്ടിയാല്‍ മൗസ് പോലും പിടിക്കാന്‍ പറ്റുകയില്ലെന്നതു പോട്ടേ, മുളകിട്ട മീ‌ന്‍ കൂട്ടാന്‍ കൂട്ടി ചോറ് കുഴച്ചുരുട്ടിയടിക്കാന്‍ പറ്റുമോ? സാഹസം ഉപേക്ഷിച്ചു.
പദ്ധതിപ്രദേശത്തെ പ്രധാന പര‌മ്പരാഗത പറമ്പു പണിക്കരെ തപ്പിയെടുത്തു. മി. സുധീര്‍കുമാ‌ര്‍. പണി ചെയ്യുക എന്നത് ഇദ്ദേഹത്തിന് ഒരു രണ്ടാമ‌ത് മാത്രം വരുന്ന ഒരു പ്രയോറിറ്റി ആകുന്നു. തൊണ്ട‌യിലുള്ള കരകരായെന്നുള്ള ഒച്ചയാണ് സുധീര്‍കുമാറിന്റെ ആയുധം. തൂമ്പയും വെട്ടുകത്തിയും രണ്ടാമ‌തേ വരൂ എന്ന് സാരം. ഒരു തൂമ്പാപ്പണിക്കാര‌ന‌ല്ലായിരുന്നെങ്കില്‍ ഒരു പ്രോജക്റ്റ് മാനേജ‌രോ അല്ലെങ്കില്‍ ഒരു സൂപ്പ‌‌ര്‍‌വൈസ‌ര്‍ എങ്കിലുമോ ആയിത്തിരാനായിരുന്നേനെ അദ്ദേഹത്തിന്റെ യോഗം. അദ്ദേഹം ഒരു വെട്ട് വെട്ടുന്നു. പിന്നീട് ആ പരിസരത്താരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതേതുമായിക്കൊള്ളട്ടേ, ആശാരിയോ, പെയിന്റ‌റോ അതൊ തുമ്പാപ്പണിക്കാ‌ര്‍ തന്നെയോ ആകട്ടെ, അവരുടെ അടുത്ത് ചെന്ന് നിന്ന് തനിക്ക് അറിഞ്ഞുകൂടാത്ത ആ പ‌ണി എങ്ങിനെ ഭംഗിയായി ചെയ്യണം എന്ന് അവ‌ര്‍ക്ക് പ‌റഞ്ഞുകൊടുക്കും അദ്ദേഹം. പിന്നെ ഒന്നും ചെയ്യാനില്ലെങ്കില്‍ (പണിയൊഴിച്ച്. അതു പിന്നെ സെക്കന്‍ഡറി) കൈയ്യും കെട്ടി വെറുതേ നോക്കി നില്‍ക്കും. ചുമ്മാ ഒരു ജോളിക്ക്. അങ്ങിനെ നിന്നുനിന്ന് കാലുക‌ഴ‌ച്ച് ഒടുവില്‍ ഒന്നു ചായകുടിക്കാന്‍ പോകും. അല്ലെങ്കില്‍ ഒന്നിരുന്നു ന‌ടു നീര്‍ക്കും. എന്തായാലും അഞ്ച്മ‌ണിക്ക് വാച്ചില്‍ ചെറിയസുചി അഞ്ചിലും വലിയസുചി പന്ത്രണ്ടിലും വ‌രാതെ പറ്റില്ലല്ലോ. അതോടെ നാടുനടപ്പില്‍ കൂടുതലായി കൂലിയും വാങ്ങി സ്ഥലം വിടാന്‍ നേരമായി. ഇത്തരുണ‌ത്തില്‍ കൃത്യനിഷ്ഠ‌യോടെയുള്ള ദിന‍ച‌ര്യ അദ്ദേഹത്തിന്റെ ശരീര‌ത്തില്‍ കൊള‌സ്ട്രോ‌ള്‍, ര‌ക്താതിമ‌ര്‍ദ്ദം തുടങ്ങിയവ വ‌ര്‍ദ്ധിക്കാനും തദ്വാരാ ടിയാന്‍ അതിരാവിലെ എഴുന്നേറ്റ് ന‌ട‌ക്കാനും വ്യായാമം ചെയ്യാനുമൊക്കെ തുടങ്ങി. ഒരു പക്ഷേ ശാരിരികാദ്ധ്വാനം തൊഴിലായു‌ള്ളവരില്‍ കാലത്തെഴുന്നേറ്റ് ന‌ടക്കാനും ഓടാനും വ്യായാമം ചെയ്യാനും പോകുന്ന ലോകത്തെ ആദ്യതൊഴിലാളി സുധീറായിരിക്കണം. വെള്ള‌യില്‍ മ‌ഞ്ഞ‌യും കറുപ്പും വരയുള്ള ടീ ഷ‌ര്‍‌ട്ടൊക്കെയിട്ട്, അടക്കാമ‌ര‌ത്തില്‍ ആമ‌യെ വെച്ചുകെട്ടിയ‌പോല‌ത്തെ തന്റെ വ‌യറും കുലുക്കി, സുധി‌ര്‍കുമാ‌ര്‍ ന‌ട‌ക്കാന്‍ പോകുന്നു. അധ്വാനിക്കുന്ന ജന‌വിഭാഗ‌ത്തിന്റെ ഒരു പ്രതിനിധിയായി അയാളെ ന‌മുക്ക് കാണാം.

ര‌ണ്ടാമന്‍ ശ്രീജിത്. ദിവാകര‌ന്‍. മി. തല‌പ്പുലയന്‍ ഓഫ് കൊറ്റ‌ന്‍‌കുള‌ങ്ങര. ഓരോ പ‌റമ്പിന്റേയും കണ്ടത്തിന്റേയും അതിരുക‌ളും അതിരുകേടുകളും കരതലാമലം പോലെ സുനിശ്ചിതം. പറ്റിയാല്‍ ഒരല്പം അതിരു കടത്തി വേലി കെട്ടി കുടുംബക്കാരെ തമ്മില്‍ പിണ‌ക്കാനും അത്യാവശ്യം ചില വേലക‌‌ള്‍ കൈയ്യില്‍. കറുത്ത് കുറ്റിയാന്‍. തല‌മുഴുവന്‍ ന‌ര. ലേറ്റസ്റ്റ് വേഷം നീലനിറത്തില്‍ ചതുരങ്ങ‌ലുള്ള കൈലിയും, ചെങ്കല്ലിന്റെ നിറമുള്ള ഷ‌ര്‍ട്ടും. ഇതൊക്കെ കണ്ടും കേട്ടും ഇദ്ദേഹം പറമ്പില്‍ പണിചെയ്ത് ദേഹ്ണ്ഡിച്ചുക‌ള്യും എന്നൊന്നും സഹൃദയ‌ര്‍ ധരിച്ചുപോകരുത്. ദോഷം പറയരുതല്ലോ. അഞ്ചിന്റെ പൈസേടെ പണി ചെയ്യുന്നത് പുള്ളിക്കിഷ്ടമ‌ല്ല. പിന്നെ എല്ലാം ബാക്കിയുള്ളവരുടെ ഒരു നിര്‍ബ്ബന്ധം. ഒരു സംതൃപ്തി. അതിനു പുള്ളി വരും, നില്‍ക്കും , തോന്നിയാല്‍ ചെയ്യും.


തുമ്പാ കൊണ്ട് ഒരു വെട്ട് വെട്ടിക്കഴിഞ്ഞാല്‍ പറഞ്ഞ് വെച്ചത്പോലെ അദ്ദേഹത്തിന്റെ കൈലിയുടെ മ‌ടക്കിക്കുത്തഴിയും. അതൊടെ വെട്ട് നി‌ര്‍‍ത്തുന്നു. പിന്നെ കൈലി മൊത്തമായഴിച്ച്, കുടഞ്ഞ് വീശിയുടുത്ത്, അടുത്ത വെട്ടിന് അഴിയാന്‍ പാക‌ത്തിന് ലൈറ്റായി മ‌ടക്കിക്കുത്തുന്നു.ഈ പ്രക്രിയ അനവരതം തുടരുന്നു. എക്സ്ട്രാ ബ്രേക്കുക‌ള്‍ക്കിടയിലൂടെ.

ഇത് കണ്ട് കണ്ട് സഹികെട്ട സഹ‌ധ‌ര്‍മ്മിണി ഒരു ദിവസം പ്രഖ്യാപിച്ചു.

"അയാ‌‌ള്‍‍ക്ക് ഒരു ബ‌ര്‍മ്മുഡാ നിക്ക‌ര്‍ മേടിച്ച് കൊട്ക്ക്. അപ്പോഴെങ്കിലും ഈ അഴിച്ച് കുട‌ഞ്ഞുടുക്ക‌ല്‍ ഒന്നവ‌സാനിപ്പിച്ച് അത്രേം നേര‌ം കൂടി പ‌ണി ചെയ്യുമ‌ല്ലോ."

6 comments:

Vish..| ആലപ്പുഴക്കാരന്‍ said...

ആണ്ടേ കിടക്കുന്നു ചക്കയും ചുളയും.. അത്ര വിഷമമാണേല്‍ കുട്ടന്‍ തന്നെ അങ്ങ് ചെയ്തേരേ എന്ന് പറയും എന്ന് വെച്ച് മിണ്ടാറില്ല അല്ലേ?



എവിടെയാ? കൊറ്റംകുളങ്ങരയിലോ അതോ കളര്‍കോട്ടോ?

jayanEvoor said...

നാടൻ പണിക്കാരുടെ സ്ഥിരം നമ്പറുകൾ!
ഇഷ്ടപ്പെട്ടു.
ഞാൻ ഏവൂരുകാരനാ....
ഹരിപ്പാട്-ചേപ്പാട്-ഏവൂർ.

കണ്ണനുണ്ണി said...

വളരെ സത്യവാ ... പണിക്കാരുടെ ഒക്കെ attitude തീരെ പ്രശ്നവാ ഇപ്പൊ

എറക്കാടൻ / Erakkadan said...

പരമ സത്യം ബര്മൂട വേണ്ടി വരും

Unknown said...

ഇടയ്യ്ക്ക് ഒക്കെ പറമ്പ് കിളയ്യ്ക്കുന്നത് നല്ലതാ

SREE said...

orupad barmudakal vendi varum....