Monday, July 25, 2011

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം




ശന്തനു ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ 24/7/2011 ന് തിരുവനന്തപുരം തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ പൂതനാമോക്ഷം കഥകളി നടന്നു. ശ്രി മാര്‍ഗി വിജയകുമാര്‍ ആണ് പൂതനയെ അവതരിപ്പിച്ചത് .

അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ അനുഭവിപ്പിക്കുന്ന അഭിനയമാണ് ശ്രീ വിജയകുമാര്‍ കാഴ്ച വെച്ചത്. മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാള്‍ എന്ന് ശ്ലോകത്തില്‍ പറയുമ്പോലെ മാര്‍ഗി വിജയകുമാറിന്റെ പൂതന വന്നപ്പോള്‍ അവിടെയിരുന്ന ആബാലവൃദ്ധം ജനങ്ങളുടേയും മുഖത്തും ആ മന്ദഹാസചന്ദ്രിക തൂവിയൊഴുകിപ്പരന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. കൃഷ്ണങ്കുട്ടിപ്പൊതുവാളാശാന്റെ "മേളപ്പദം" എന്ന പുസ്തകത്തില്‍ ശ്രീ കൃഷ്ണന്‍‌നായരാശാന്റെ പൂതനയെപ്പറ്റി "പൂതനകൃഷ്ണന്‍" എന്ന ഒരു ലേഖനമുണ്ട്. അതില്‍ പൂതന രംഗത്ത് "ഉ‌ര്‍‌ര്‍ര്‍‌ര്‍ര്‍‌ര്‍" എന്ന് പുരികമിളക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍ കാഴചക്കാരെല്ലാം അങ്ങിനെ പുരികമിളക്കിയെന്ന് പറയുന്നുണ്ട്. ഇവിടെയും അതായിരുന്നു പൂതനയുടെ അന്ത്യരംഗം വരെ അവസ്ഥ. പുഞ്ചിരി തുകിക്കൊണ്ട് കഥകളി കാണുന്ന കുറേയേറെ കാണികളെയായിരിക്കും ശ്രീ വിജയകുമാറിന്റെ പൂതന മുന്‍പില്‍ കണ്‍ടിട്ടുണണ്ടാവുക. കാണികളെ അമ്പാടിയിലെ കാഴ്ചകളിലേക്ക് കൈ പിടിച്ചു നടത്തിച്ചും, അനുംഭവിപ്പിച്ചും അദ്ദേഹം തന്റെ പ്രതിഭാവിലാസം ഒരിക്കല്‍ക്കൂടി തെളിയിച്ചു. "അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍" എന്നു തുടങ്ങുന്ന ആദ്യ പദത്തിലെ "നര്‍ത്തകരുടെ കളി ചാതുരിയും" എന്ന ഭാഗം വീണാമൃദംഗവാദ്യങ്ങളുടെ അകമ്പടിയൊടെ നര്‍ത്തകര്‍ നൃത്തമാടുന്നതും പന്തടിച്ചുകളിക്കുന്നതും സ്ത്രീകളുടെ സുക്ഷ്മഭാവങ്ങള്‍ തന്മയത്ത്വത്തോട കൈകാര്യം ചെയ്തു മാര്‍ഗി വിജയകുമാര്‍. ദധിവിന്ദു പരിമളവും ഇളകുന്നു എന്നയിടമായിരുന്നു അദ്ദേഹം ഏറ്റവും ആസ്വാദ്യകരമായി അവതരിപ്പിച്ചത്. സ്ത്രീസഹജമായ ഭാവഹാവാദികളോടെയും നിലകളോടെയും തൈരു കടയുന്ന ഗോപസ്ത്രികളുടെ സൂക്ഷ്മഭാവങ്ങളാണ് ഈ ഭാഗത്ത് അവതരിപ്പിച്ചത്. തൈരു കടഞ്ഞ് കുറേക്കഴിയുമ്പോള്‍ തോളു കഴച്ചിട്ട് കടച്ചില്‍ നിര്‍ത്തുന്ന ഒരു സ്ത്രീ, തന്റെ നെറ്റിയിലെ വിയര്‍പ്പ് വലംകൈ കൊണ്ട് വടിച്ച് മാറ്റി കുടഞ്ഞു കളയുകയും പിന്നെ സമീപത്തിരിക്കുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈമുക്കിത്തിരുമ്മി കഴുകിയിട്ട് വെള്ളം കുടഞ്ഞുകളഞ്ഞ് കടയല്‍ തുടരുന്ന ഭാഗവും, തരു കടയുന്നതിനിടെ കണ്ണിലേക്ക് മോര് തെറിച്ചുവീണ് നീറ്റല് ‍അനുഭവിക്കുന്നതായുമൊക്കെയുള്ള ഭാഗങ്ങള്‍
ശ്രീ വിജയകുമാറിന്റെ സൂക്ഷ്മഭാവാതരണത്തിന്റെ നിദര്‍ശനങ്ങളായിരുന്നു.

നന്ദനിലയത്തിലെ വാതില്‍ തള്ളിത്തുറന്നു പ്രവേശിക്കുമ്പോള്‍ പൊടുന്നനവേ അവിടെക്കിടക്കുന്ന തേജോമയനായ ഉണ്ണിക്കണ്ണനെ കാണുന്നതായി അഭിനയിച്ചുകൊണ്ടാണ് "സുകുമാരാ നന്ദകുമാരാ" എന്ന പദം ശ്രീ വിജയകുമാര്‍ അഭിനയിച്ചു തുടങ്ങിയത്. "ഉണ്ണിക്കണ്ണനെ" അഭിനയം കൊണ്ട് മാത്രം അനുഭവിപ്പിക്കുക (കുട്ടിയുടെ പാവ ഇദ്ദേഹം ഉപയോഗിക്കാറില്ല) എന്നത് അത്യന്തം ശ്രമകരമാണ്. പ്രത്യേകിച്ച് കുട്ടിയെ എടുത്തുകൊണ്ട് ചെയ്യുന്ന കൃത്യങ്ങള്‍ അഭിനയിക്കുമ്പോള്‍. അമ്പാടി മണിക്കുഞ്ഞ് കിടക്കുന്നിടത്തേക്ക് നോക്കിക്കൊണ്ട് അവനോട് സംസാരിക്കുകയും, താലോലിക്കുകയും അവന്റെ മുഖത്തുള്ള ഭാവങ്ങളെ അത്ഭുതകരമായ രീതിയില്‍ തന്റെ മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ട് അമ്പാടിക്കണ്ണന്റെ രൂപവും ഭാവവും സാന്നിധ്യവും കാണികളുടെ മനസ്സില്‍ വരച്ചു ചേര്‍ത്തതിലൂടെ അഭിനയത്തിന്റെ ഉത്തമധര്‍മ്മം മാര്‍ഗി വിജയകുമാര്‍ എന്ന നടന്‍ തന്റെ പൂതനയിലുടെ ഏറ്റവും ഗംഭീരമായി ചെയ്തു. "കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തേ മൂലം" എന്ന ഭാഗത്ത് കൃഷ്ണന്റെ കണ്ണില്‍ തുളുമ്പി നില്‍ക്കുന്ന കണ്ണീര്‍ത്തുള്ളി തുടക്കുവാന്‍ തന്റെ സാരിത്തുമ്പെടുക്കുന്ന പൂതന പിന്നീടൊന്നാലോചിച്ച് അതില്‍ പൊടിയുണ്ടാവും എന്ന് മുഖം കൊണ്ട്ഭിനയിച്ച് കൈവിരല്‍ കൊണ്ട് തുടക്കാന്‍ തീരുമാനിക്കുന്നു. കൈവിരല്‍ത്തുമ്പത്ത് തൊട്ടെടുക്കുന്ന കണ്ണന്റെ കണ്ണുനീര്‍ത്തുള്ളിയില്‍ പൂതന തന്റെ രൂപം അതില്‍ പ്രതിഫലിച്ചു കാണുകയും ആഹ്ലാദചിത്തയാവുകയും അത് തന്റെ മേലെക്ക് തളിച്ച് ഭാഗ്യവതിയാണ് താന്‍ എന്നു ചിന്തിക്കുകയും ചെയ്യുന്നു. അമ്പാടിയേയും കണ്ണനേയും കണ്ട് ആഗമനോദ്ദേശ്യം മറന്നുപോയ പൂതനക്ക് തനിക്ക് വരാന്‍ പോകുന്ന മോക്ഷത്തെക്കുറിച്ചുള്ള ഉപബോധചിന്തകളായിരിക്കാം ഈ കൃത്യങ്ങല്‍ക്കു പിന്നില്‍. വിജയകുമാര്‍ എന്ന നടന്റെ മൗലികതയുള്ള നാട്യം സ്വാഭവികതയുടെ അടിത്തറയൊടെ അരങ്ങത്ത് ആടിത്തെളിഞ്ഞപ്പോള്‍ കണ്ണന്റെ സങ്കടം കാണികള്‍ക്കും തോന്നിച്ചു എന്നതും വാസ്തവം.
കണ്ണനെ കണ്ടപ്പോള്‍ തന്നെ മാതൃത്വം ഉണര്‍ന്ന പൂതനക്ക് അവന് തന്റെ മുലപ്പാല്‍ നല്‍കുവാന്‍ നേരം ദുശ്ചിന്തകളൊന്നും തന്നെ ഉണ്ടാവുന്നില്ല. ദുരുദ്ദേശവും. ഒരമ്മയുടെ സ്നേഹവായ്പോടെ കണ്ണെനെ എടുത്ത് താലോലിച്ച് അമ്മിഞ്ഞപ്പാല്‍ നല്‍കുന്ന പൂതന‌യുടെ ഭാവഹാവാദികള്‍ കണ്ട് കാണികളായ സ്ത്രീകള്‍ക്കും അസൂയ തോന്നിയിട്ടുണ്ടാവണം. പാല്‍ കുടിക്കുന്നതിനിടെ കണ്ണന്റെ കുറുനിരകള്‍ മാടിയൊതുക്കുകയും, ചെറുകാല്‍‌കള്‍ തലോടുകയും ഇടക്കിടെ ഉമ്മ വെക്കുകയും മുല നോവിച്ചതിന് പരിഭവിക്കയും ചെയ്യുന്ന പൂതനയെ അവതരിപ്പിച്ചത് ഒരു പുരുഷനാണെന്നത് എല്ലാവരും മറന്നു പോയി.
പിന്നെ തന്റെ ആഗമനോദ്ദേശ്യത്തെപ്പറ്റി ബോധം വന്ന പൂതന്‍ ആദ്യം കണ്ണനെ കൊല്ലുകയില്ലെന്ന് തിരുമാനിച്ചെങ്കിലും പിന്നീട് തീരുമാനിച്ചുറച്ച ദുഷ്ട കര്‍മ്മം ചെയ്യാന്‍ തന്നെ ഉറപ്പിക്കുന്നു. കൊണ്ടു വന്ന വിഷം മുലകളില്‍ പുരട്ടി കൃഷ്നനു കൊടുത്ത പൂതനക്ക് പിന്നീടുണ്ടാവുന്ന ദുരിതങ്ങള്‍ നി‌ര്‍‌വ്വചനാതീതമായാണ് ശ്രീ വിജയകുമാര്‍ അവതരിപ്പിച്ചത്. അസുരത്വം നിറഞ്ഞ ആഭാസഭാവഹാവാദികളിലൂടെ പൂതനയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുകയും പ്രാണവേദനയുടെ പിടച്ചിലും അതിഗംഭിരമായി അവതരിപ്പിച്ച് ഒടുവില്‍ വെട്ടിയിട്ട കരിമ്പന വീഴുമ്പോലെ പൂതനം നിലം പതിച്ചപ്പോള്‍ കാണ്‍കളൊന്നടങ്കം എഴുന്നേറ്റു നിന്ന് നീണ്ടുനിന്ന കരഘോഷം മുഴക്കിയത് മാര്‍ഗി വിജയകുമാര്‍ എന്ന നടന്റെ അഭിനയചാരുതക്ക് നലകിയ തല്‍സ്സമയ അംഗീകാരമായിരുന്നു. അതിശയം നിറഞ്ഞു നിന്നു ഓരോ ആസ്വാദക്ന്റേയും മുഖത്ത്. ശ്രീ മാര്‍ഗി വിജയകുമാറിന് ഒരു പ്രണാമം.

പാട്ടില്‍ ശ്രീ കലാമണ്ഡലം ജയപ്രകാശും‌ ,സദനം ജ്യോതിഷ് ബാബുവും മാര്‍ഗി വിജയകുമാറിന് പിന്തുണയായി . അമ്പാടിഗുണത്തിന്റെ രണ്ടാം ചരണത്തില്‍ രാഗം മാറ്റിപ്പാടുകയും അതിന്റെ ഭാവം (പ്രത്യേകിച്ചും "നരത്തകരുടെ" എന്നുള്‍ല ഭാഗമൊക്കെ ആവര്‍ത്തിച്ചു പാടേണ്ടതുണ്ട് എന്നുള്‍ലതുകൊണ്ട്)‌ മുഴുവനായി നിലനി‌ര്‍ത്താന്‍ കഴിയാഞ്ഞതും ഒഴിച്ചാല്‍ പാട്ട് നന്നായിരുന്നു. മദ്ദളത്തില്‍ ശ്രീ മാര്‍ഗി രത്നാകരന്‍ നല്ലവണ്ണം പിന്തുണയേകി. ചെണ്ട ശ്രീ മാര്‍ഗി വേണുഗോപാല്‍ ആയിരുന്നു .അണിയറയില്‍ മാര്‍ഗി ഗോപനും മാര്‍ഗി തങ്കപ്പന്‍പിള്ളയും സംഘവും പ്രവര്‍ത്തിച്ചു.

Video