Friday, June 1, 2012

ഒരു കൊച്ചു മധ്യവേനല്‍ സ്വപ്നം

അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന്റെ ഉത്തരമെഴുതുക  എന്നതിന്റെ ഹരം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറുന്നില്ല .

സിരകളില്‍ ഒരു പൊട്ടിത്തെറി , നെഞ്ചിന്റെ അകത്തുനിന്നു തന്നെയാവണം കവിളുകളില്‍ കൂടി പൊട്ടിപ്പുറത്തു ചാടാന്‍ പോകുന്ന ഒരു ചിരിയുടെ തള്ളിച്ച .... അതെ ദാ ഈ ഉത്തരം കൂടി എഴുതിക്കഴിഞ്ഞാല്‍ മധ്യവേനലവധി തുടങ്ങുകയായി ..

ഹോ.. പേന നീങ്ങുന്നില്ലല്ലോ!

തടിച്ച മഷിപ്പേനയുടെ തിളങ്ങുന്ന പിച്ചള നിബ്ബിലൂടെ അസുഖകരമായ ഗന്ധമുള്ള ചെല്പാര്‍ക്കിന്റെ മഷി, അക്ഷരങ്ങളായി പിടഞ്ഞു പുറത്ത് വരുന്നത് അത്ര പതുക്കെ ...

ഒടുവില്‍ അത് സംഭവിക്കുന്നു . അവസാന ചോദ്യത്തിന്റെ ഉത്തരം കഴിയുന്നു . അവസാന ഉത്തരത്തിന്റെ അടിയിലായി പേപ്പറിന്റെ മധ്യത്തില്‍ ഒരു വരയും ഇരു വശത്തും രണ്ടു നക്ഷത്രങ്ങളും വരച്ചു , മൊട്ടു സൂചി കുത്തിയ ഉത്തരക്കടലാസ്സുകള്‍  സാറിനെ എല്പ്പിക്കുംപോഴേക്കും നെഞ്ചിലെ ചിരി കഴുത്തോളം എത്തിയിട്ടുണ്ടാവും .

പിന്നെ ക്ലാസ്സിനു പുറത്തേക്ക് വന്നു അടുക്കി വെച്ച പുസ്തകങ്ങളും എടുത്തു തിണ്ണയില്‍ നിന്നും താഴെക്കൊരു ചാട്ടമാണ് നെഞ്ചിലെ തള്ളിച്ച മുല്ലപ്പൂക്കളായി മുഖത്ത് വിരിഞ്ഞിട്ടുണ്ടാവും അപ്പോള്‍ .

കൂട്ടുകാരുമോരുമിച്ചു വീട്ടിലേക്കുള്ള മടക്കയാത്രയുടെ ഹരം . വീട്ടിലെത്തിയാല്‍ പഠനമേശയെ ഒരു പുച്ഛത്തോടെ നോക്കി അകലെ നിന്ന് തന്നെ പുസ്തകങ്ങള്‍ അതിലേക്കു വലിച്ചെറിയുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും ഒരു  കുണ്ഡിതഭാവം ഉണ്ടെന്നു ഞാനങ്ങു വിചാരിക്കും. അഹങ്കരിക്കും. എന്നെ കാണുമ്പോഴൊക്കെ

"ഡാ എറുക്കാ.. പോയിരുന്നു പഠിക്കെഡാ" എന്നു പറയാന്‍ പറ്റില്ലല്ലൊ!

മധ്യവേനലിന്റെ വെയിലില്‍ നീന്തിക്കുളിച്ചു ,   മണലില്‍ പൊടിപറത്തി കളിച്ചു കൂട്ടിയ കളികള്‍.

വീട്ടിലെ മാവുകളില്‍ തിരിഞ്ഞു നോക്കാതെ വഴി നീളെ ആരാന്റെ പറമ്പുകളില്‍ നില്‍ക്കുന്ന മാവുകളില്‍ ഉന്നം പരീക്ഷിക്കുകയും , അതിന്റെ ഉടയവര്‍ ദേഷ്യത്തോടെ തുരത്തുംപോള്‍ , നിലത്തു വീണു ചതഞ്ഞ മാങ്ങകളും കയ്യിലിരുന്നു ചിരിക്കുമായിരുന്നുവല്ലോ

അടിച്ചേച്ചോട്ടം കളിച്ചു വീണു മുട്ട് പൊട്ടിയാലും കണ്ണീര്‍ മുളക്കാത്ത കണ്ണുകള്‍.

കടന്നു പോവുന്ന ദിനങ്ങള്‍ അവധിയില്‍ നിന്ന് കുറയ്ക്കുവാന്‍ എപ്പോഴും മടിയാണ് . ഒരു യാഥാ‌‌ര്‍‌ഥ്യത്തെ ഒഴിവാക്കുന്നതിന്റെ സുഖം .

വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ പറമ്പിലെ കുളത്തിലേക്ക് ചാടുമ്പോള്‍ കുളത്തിലെ നീരിനും ചിരിയായിരുന്നു .

അത്താഴം കഴിഞ്ഞു കിടന്നാല്‍ നാളത്തെ കളികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ പച്ചപ്പാര്‍ന്നു നിരക്കും. ആ തണുപ്പിലാവും ഉറക്കം .

അറുപതു ദിനങ്ങള്‍ ഇങ്ങിനി വരാതവണ്ണം കുതിച്ചുപോയതുപോലെ തോന്നും അവധിക്കൊടുവില്‍.

പുതിയ ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങളുടെ വരവ്. അവയുടെ വര്‍ണ്ണാഭമായ പുതുമയുള്ള പുറംചട്ടകള്‍, ഒരു കയ്പുള്ള യാഥാര്‍ഥ്യത്തിന്റെ നിറം പിടിപ്പിച്ച ഭീഷണികളായിത്തോന്നും. ഞാനിത്ര അക്ഷരവൈരിയൊ എന്നു വീട്ടുകാര്‍ അത്ഭുതം കൂറിയാല്‍ അത്ഭുതപ്പെടുവാനുണ്ടോ.

പഠിക്കാന്‍ പോകാന്‍ മടിയുള്ള കുറുമ്പിനെ ശാസിക്കും പോലെ, മുഖം കറുപ്പിച്ചു നില്‍ക്കുന്ന ഇടവപ്പാതി. പെരുമഴയില്‍ അകത്തു ചാറ്റല്‍ മഴ പെയ്യുന്ന തുണിക്കുട നിവര്‍ത്തി, കറുത്ത റബ്ബറിട്ടു മുറുക്കിയ പുസ്തകക്കെട്ടുകളും തോള‍ത്തേറ്റി, കയ്യില്‍ തൂക്കുപാത്രത്തില്‍ ചോറുമേന്തിയുള്ള സ്കൂളില്‍ പോക്ക് തുടങ്ങുകയായി .

ഇടവപ്പാതിയില്‍ കലങ്ങി കുത്തിയൊലിച്ചു പോയ വെള്ളം പോലെ കാലം കടന്നുപോയല്ലൊ.

ഇന്നിതാ എന്റെ മുന്നില്‍ ഒരു എട്ടു വയസ്സുകാരിയുടെ മുഖത്തും കാലവര്‍ഷത്തിന്റെ കനം.
കഴിഞ്ഞു പൊയ അവധിക്കാലത്തെക്കുറിച്ചോര്‍ത്തും ജൂണ്‍ നാലിന്റെ സ്കൂളില്‍ പോക്ക് ഓര്‍ത്തും കുട്ടിക്കുറുമ്പുകള്‍.

കാലത്തിന്റെ താളുകള്‍ പിറകോട്ടു മറിച്ചു നോക്കാതെ തന്നെ അവളില്‍ ഞാന്‍ കാണുന്നത് എന്നെത്തന്നെ.

ബാല്യത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കുകളില്ലാതെ അവധിക്കാലം നുകര്‍ന്നു മതിയാകാത്ത കുഞ്ഞു മനസ്സിനെ

സാധ്യായ ദിവസങ്ങളില്‍ അവളടുത്തില്ലാത്തതിന്റെ വിഹ്വലതകള്‍ ഓര്‍ത്ത്, അവധിക്കാലത്ത്‍ അവളോടൊട്ടി നിന്ന അവളുടെ അമ്മയുടെ ദീര്‍ഘനിശ്വാസങ്ങള്‍

അവധിക്കാലത്തെ എത്രയും സ്നേഹിച്ചിരുന്നുവോ അത്രയും തന്നെ ഞാന്‍ അവയെ വെറുക്കുന്നു.

അവക്ക് അനിവാര്യമായ ഒരു അന്ത്യം ഉള്ളതുകൊണ്ട്.

അതുകൊണ്ട് മാത്രം.