Tuesday, September 3, 2013

കഥകളിയിലെ പതിഞ്ഞ പദം

കഥകളിയില്‍ പതിഞ്ഞ  പദം എന്തിനാണ് ?

കഥകളിയുടെ നവ ആസ്വാദകരുടെ പ്രധാനപ്പെട്ട  ചോദ്യങ്ങളില്‍ ഒന്നാണ് ഇത് എന്ന് വേണമെങ്കില്‍ പറയാവുന്നതും ആണ് . കാരണങ്ങള്‍ ഇവ തന്നെ .

നവ ആസ്വാദകര്‍ പ്രധാനമായും കഥകളിയിലേക്ക് ബോധപൂര്‍വ്വമല്ലാതെ ആകൃഷ്ടരാവുന്നത് കഥകളിയുടെ ആഹാര്യഭംഗി , പദങ്ങളുടെ ശ്രവണസുഖം , അഗാധ ജ്ഞാനം ആവശ്യമില്ലാതെ തന്നെ മനസ്സിലാവുന്ന ചില കഥകളുടെ ഭാഗങ്ങള്‍ എന്നിവയിലൂടെയാണ് . എങ്കിലും അരങ്ങു പ്രചാരമുള്ള കഥകളിലെ ആദ്യഭാഗങ്ങളില്‍ തന്നെ വരുന്ന, ഗായകര്‍  വളരെ വളരെ സാവധാനത്തില്‍ (പതിഞ്ഞ കാലത്തില്‍ ) പാടുകയും , നടന്മാര്‍ ആ പതിഞ്ഞ താളത്തിനനുസരിച്ച് ഭാവങ്ങളോടു കൂടി മുദ്ര കാണിക്കുകയും ചെയ്യുന്നു . ഒരു നവ ആസ്വാദകനെ സംബന്ധിച്ചിടത്തോളം, പ്രസ്തുത പദം വായിച്ച് , അര്‍ഥം മനസ്സിലാക്കി (ആ രംഗം പൂര്‍ണ്ണമായും ആസ്വദിക്കണം എന്ന ബോധത്തോടെ തന്നെ വരുന്ന ആള്‍ ആണെങ്കില്‍ ), ആര്‍ജ്ജിതജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ആസ്വദിക്കുവാനായി തുടങ്ങുമ്പോള്‍ ആണ് അല്പം അല്ലെങ്കില്‍ കുറച്ചധികം തന്നെ  “വിരസത” അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നുന്നത് . പ്രധാനമായും രണ്ടു സംശയങ്ങള്‍

  1. പറയാനുള്ളത് (ആടാന്‍ ഉള്ളത് ) പെട്ടെന്ന് പറഞ്ഞുകൂടെ ?
  2. ഇത്രയും പതുക്കെ പാടുകയും , അത് തന്നെ ഓരോ വരികളും ഇത്രയധികം തവണ ആവര്ത്തിക്കത്തക്ക രീതിയില്‍ നടന്‍ അഭിനയിക്കുന്നത് എന്തിന് ?
തൌര്യത്രിക ലക്ഷണങ്ങളായ നൃത്തം , നൃത്യം , നാട്യം എന്നിവ അതിന്റെ എല്ലാ  അര്‍ത്ഥത്തിലും  കോര്‍ത്തിണക്കി പാകപ്പെടുത്തിയെടുത്ത കലയാണ്‌ കഥകളി . എന്നിരിക്കിലും ഒരു ക്ലാസ്സിക്കല്‍ കലയെ സാധാരണ ജനത്തിന് മനസ്സിലാക്കുവാന്‍ തക്കവണ്ണം രൂപപ്പെടുത്തി എടുക്കുവാനായി നടത്തിയ പരിഷ്കാരങ്ങള്‍, ഈ മിശ്രണത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ട് . ഇത് ബോധപൂര്‍വ്വം തന്നെയാണ് താനും . കഥാഗതി , കഥാപാത്രങ്ങളുടെ മനോനില , നാടകീയത എന്നിവ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതിലെക്കായി വരുത്തിയ ചില പാകപ്പെടുത്തലുകള്‍ . എന്നാല്‍ ഇത്തരത്തില്‍ ഉള്ള യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതെ , നീക്കുപോക്കുകള്‍ ഇല്ലാതെ നൃത്തം , നൃത്യം , നാട്യം എന്നിവയുടെ പൂര്‍ണ്ണത ഉറപ്പു വരുത്തിയിട്ടുള്ള ഭാഗങ്ങളാണ് പതിഞ്ഞ പദങ്ങള്‍ .

വ്യവസ്ഥാപിതമായ , ഉറച്ച താളത്തില്‍ ആവശ്യം വേണ്ടുന്ന ശരീര ചലനങ്ങളോടെയുള്ള  കൈമുദ്രകളുടെ ഘനഗംഭീരമായ അവതരണം . മുദ്രകളുടെ പൂര്‍ണ്ണതക്ക് വേണ്ടി മാത്രമുള്ള , കാലിന്റെ സഹായത്തോടെയുള്ള ശരീര ചലനങ്ങള്‍ . അതാണ്‌ നൃത്തം . കഥകളിഭാഷയുടെ വ്യാകരണം

നൃത്തത്തിലേക്ക് ശരീരത്തിന്റെ കവിതയുടെ മാസ്മരികത കൂട്ടിച്ചേര്‍ക്കുന്നു നൃത്ത്യം . കാവ്യാത്മകമായ ശരീരചലനങ്ങള്‍ , മുഖാഭിനയത്ത്തിന്റെ അകമ്പടിയോടെ  പ്രേക്ഷകനിലേക്ക് കവിത പോലെ സംവദിക്കുന്നു. മുദ്രയുടെ അര്‍ത്ഥം ഭാവത്തിന്റെ കവിതയില്‍ ചാലിച്ച് പ്രേക്ഷകന്റെ മനസ്സില്‍ സാവധാനത്തില്‍ എഴുതപ്പെടുന്നു . നൃത്ത്യം കഥകളിയുടെ ശരീര കവിതയാണ് . ഒരുപക്ഷെ വിരസമായേക്കാവുന്ന നൃത്തവ്യാകരണത്തിന്റെ കാലപനികമായ രൂപ പരിണാമം .

ശ്രവണസുഖമില്ലാത്ത കവിത കവിതയാവുന്നില്ല . മനസ്സില്‍ പറയുമ്പോള്‍ പോലും കവിതയെ അനുവാചകന്‍ ശ്രവിക്കുന്നു. നൃത്ത നൃത്യങ്ങളുടെ സ്വാഭാവികതയുടെ പൂര്‍ണ്ണതയാണ് നാട്യം. കടുകട്ടിയായ വ്യാകരണം , കവിതാത്മകമായി അവതരിപ്പിക്കുമ്പോള്‍ , അതിന്റെ അര്‍ഥം പൂര്‍ണ്ണമായും സംഗീതത്തിലൂടെ ദ്യോതിപ്പിക്കുന്നു . ഗോചരമല്ലാത്ത വസ്തുക്കളെ , വ്യക്തികളെ , പ്രകൃതിയെ എല്ലാം  കഥകളി എന്ന  ക്ലാസ്സിക്കല്‍ കല വൈവിധ്യത്തോടെ പ്രേക്ഷകനിലേക്ക് പകരുന്നു നാട്യത്തിലൂടെ .

സലജ്ജോഹം

കാലകേയവധം കഥകളിയില്‍ ഇന്ദ്രകൽപ്പനപ്രകാരം ഇന്ദ്ര സാരഥി  മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. അർജ്ജുനന്റെ ബലവീര്യങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നു  മാതലി. അര്‍ജ്ജുനന്റെ പാശുപതാസ്ത്രലബ്ധി , ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ കഥകൾ പറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട് താന്‍ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഇതൊക്കെ കേട്ട് ഞെളിയുന്നവര്‍ ഉണ്ടാവും . അവരെ വിഡ്ഢികള്‍ എന്നെ പറയാനാവൂ . ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നും   അര്‍ജ്ജുനന്‍ ചോദിക്കുന്നു. താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും മാതലി അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു. ഇത്രയുമാണ് മാതലിയും അര്‍ജ്ജുനനുമായുള്ള ഈ രംഗത്തിലെ ഉള്ളടക്കം. ഇതില്‍ അര്‍ജ്ജുനന്റെ പദമായ സലജ്ജോഹം തൌര്യത്രികത്ത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ആവാഹിച്ച് ജ്വലിച്ചു നില്‍ക്കുന്നു .

ഇക്കഴിഞ്ഞ 2013, ജൂലായ് ഒന്നാം തീയതി തിരുവനന്തപുരം മാര്‍ഗിയില്‍ നടന്ന കാലകേയവധം കഥകളിയില്‍ അവതരിപ്പിച്ച സലജ്ജോഹത്തിന്റെ അവതരണം പതിഞ്ഞ പദത്തിന്റെ വിശകലനതിനായും അവതരണത്തിന്റെ പ്രത്യേകതകള്‍ വിശദമാക്കുവാനും ഉപയോഗപ്പെടുതിയിരിക്കുന്നു. ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (റിട്ട പ്രിന്‍സിപ്പല്‍ , കേരള കലാമണ്ഡലം ) അര്‍ജ്ജുനനായും ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (മാര്‍ഗി ) മാതലിയായും വേഷമണിഞ്ഞു .

മേല്‍പ്പറഞ്ഞ കഥകളിയുടെ വീഡിയോ ഇവിടെ കാണുക



അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്താദുദിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വച:   

എന്ന ശ്ലോകം കഴിഞ്ഞാല്‍ ഉടന്‍ മാതലി പ്രവേശിക്കുന്നു.  ഇടതു വശത്ത് ഇടതുകയ്യില്‍ വില്ലും വലതുകയ്യില്‍ അമ്പും പിടിച്ചു , ആലവട്ടം , മേലാപ്പ് ,എന്നിവയുടെ അകമ്പടിയോടെ വീരരസത്തിന്റെ മൂര്‍ത്തിമദ്ഭാവമായി (സ്ഥായീഭാവം ) അര്‍ജ്ജുനന്‍ ഇരിക്കുകയാണ്.



മുന്‍പില്‍ തിരശീല താഴ്ത്തിപിടിച്ചിരിക്കുന്നു .  അരക്കെട്ടില്‍ വായു കൊടുത്ത് ഘനഗാംഭീര്യത്തോടെ നിവര്‍ന്ന്‍ ഇരുന്ന് പുരികക്കൊടികള്‍ ഉയര്‍ത്തി വീരരസം തുളുമ്പുന്ന കണ്ണുകളോടെ , വീരസ്ഥായി തരംഗിതമായ കപോലങ്ങലളോടെ മാതലിയുടെ വാക്കുകളില്‍ ‍ ബദ്ധശ്രദ്ധനായി ഇരിക്കുന്ന അര്‍ജ്ജുനന്‍ , ലോകത്തില്‍ തന്നെ ഇന്നേവരെ ഉണ്ടായത്തിലേക്ക് വെച്ച് തന്നെ  നിശ്ചലമായ നാട്യത്തിന്റെ വിഗ്രഹം തന്നെ എന്ന് പറഞ്ഞാലും അധികമാവില്ല .ശ്രീ  കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ “വീര്യവിഗ്രഹമായി” ഇരുന്ന ആ നില കണ്ടു കാണികള്‍ കണ്ണ് നിറഞ്ഞു മനം നിറഞ്ഞ് ഇരുന്നു. മാതലിയുടെ പദത്തില്‍ "ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ" എന്നിടത്ത് അർജ്ജുനൻ ലജ്ജ നടിയ്ക്കുന്നു (സഞ്ചാരി ഭാവം ). സൂക്ഷ്മതയോടെ തിരിച്ച് സ്ഥായീഭാവമായ വീരഭാവത്തിലേക്ക്  മടങ്ങുകയും ചെയ്തു.



മാതലിയുടെ പദത്തിന് ശേഷം അര്‍ജ്ജുനന്റെ മറുപടിപ്പദം ആയ “സലജ്ജോഹം” ആരംഭിക്കുന്നു .

ശങ്കരാഭരണം രാഗത്തില്‍  അടന്ത അന്‍പത്തിആറു മാത്രയിലുള്ള പദമാണ് “സലജ്ജോഹം”. നടന്റെ ഓരോ ചലനവും ഗായകരുടെ ചേങ്ങില ഇലത്താളങ്ങളിലെ  നിമിഷക്കണക്കിന്ഉള്ള മുട്ടുകളില്‍ ചിട്ടചെയ്യപ്പെട്ടിരിക്കുന്നു.
മാതലിയില്‍ ദൃഷ്ടി ഉറപ്പിച്ച്, വീരഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ  ഒന്നാം താളവട്ടത്തിന്റെ അന്ത്യത്തില്‍ ഇടതുകൈയ്യില്‍  നിന്നും വലതുകയ്യിലേക്ക് വില്ല് മാറ്റി , ഇടതു കൈയ്‌ കൊണ്ട് “ലജ്ജ” എന്നാ മുദ്ര  (പുറത്തേക്ക് തിരിച്ചു പിടിച്ച മുദ്രാഖ്യ) പിടിക്കുകയും “ലജ്ജ” അഭിനയിച്ചുകൊണ്ട് (പുരികം പൊക്കി , മാത്രക്കണക്കിനു  കഴുത്തിളക്കി) രണ്ടാം താളവട്ടത്തിന്റെ തുടക്കത്തില്‍ മുദ്രക്കൈ തിരിച്ചു താഴ്ത്തിക്കൊണ്ട് വരുന്നതോടെ മുന്‍പില്‍ താഴ്ത്തിപിടിച്ചിരുന്ന തിരശീല നീക്കപ്പെടുകയും ചെയ്യുമ്പോള്‍ “അഹം / ഞാന്‍ “ എന്നാ മുദ്ര തുടങ്ങുകയും മുന്പോട്ടെക്ക് ചവിട്ടി വന്നു പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . പതിഞ്ഞ സ്ഥായിയില്‍ ഉള്ളതെങ്കിലും  പദത്തിന് (കൃത്യം ആ വാക്ക് ഉച്ചരിക്കുന്നതിനോടൊപ്പം ) മുദ്ര കാണിക്കുന്നതുകൊണ്ട് പ്രേക്ഷകന് അനുഭവം സിദ്ധിക്കുന്നു.



തുടര്‍ന്ന് പുറകോട്ടു കൈയ്യിട്ടു മാറി “തവ/താങ്കളുടെ” എന്ന മുദ്ര കാലുകള്‍ പടം വളച്ച് (വക്കില്‍ ) , നന്നായി താഴ്ന്നു നിന്ന് നെഞ്ചു ചുരുക്കി , കണ്ണിന്റെ തടം ചുരുക്കി പൂര്‍ത്തിയാക്കുന്നു .  പിന്നെ മുന്‍പോട്ടു വന്നു കാലുകള്‍ മുന്നിലും പിന്നിലുമായി വെച്ച് , താഴേക്ക് ഇരുന്നു , “ചാടു/യോഗ്യം” എന്നാ മുദ്ര കാണിക്കുകയും ഗായകര്‍ ചാടുവചനത്താലതി എന്നത്തിന്റെ “ചാടു” പാടുന്നതിനൊപ്പം പരത്തിച്ച്ചവിട്ടി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . താഴ്ന്നു നില്‍ക്കുന്നതിലും , കാലുകള്‍ പൊക്കി പരത്തിച്ച്ചവിട്ടുന്നതിലും ഒക്കെ പതിഞ്ഞ താളത്തിന്റെ ഗമനത്തിനനുസരിച്ചു നടന്‍ പുലര്‍ത്തേണ്ട ചലനസ്ഥിരതയിലെ  നിഷ്കര്‍ഷ നടന്മാര്‍ക്ക് വെല്ലുവിളി തന്നെയാണ് . പതിഞ്ഞത് എന്നാ നിലയില്‍ വിരസത സൃഷ്ടിക്കുവാനും പാടില്ല , അമിത ധൃതി കാട്ടി ഭംഗി കളയുവാനും പാടില്ല .  നേരിയ വീഴ്ച പോലും രസഭംഗം ഉണ്ടാക്കുന്നു .
“വചനത്താല്‍ “ എന്നാ മുദ്ര അടുത്ത താളവട്ടതിലാണ് . കൈകള്‍ മുട്ട് വളച്ച് ‍ മുന്‍പില്‍ അകത്തേക്ക്തിരിച്ച്  പിടിച്ചു , ഇരുവശത്തേക്കും പൊക്കി വട്ടക്കൈ ആയി താഴ്ത്തി ഇട്ട് , താളത്തിനനുസരിച്ച് കാലുകള്‍ വെച്ച് മുന്പോട്ടോ പിറകൊട്ടോ മാറി പരത്തിച്ചവിട്ടി അനുസരിച്ച് (തല ഇരുവശത്തേക്കും ഓരോ പ്രാവശ്യം തിരിച്ച്  നേരെ വരിക ) നില്‍ക്കുന്നതിനെ   കയ്യിട്ടു മാറുക/വട്ടം വെക്കുക  എന്ന് പറയുന്നു. കഥകളിയില്‍ വളരെ പ്രാഥമികമായി തന്നെ ചെയ്തു വരുന്ന ഒരു ചുവടാണിത്. ഈ പദത്തില്‍ ഉടനീളം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഈ ചുവടില്‍  പോലും കാണിക്കുന്ന ശ്രദ്ധയും പൂര്‍ണ്ണതയും കാണുക .

അങ്ങിനെ ഒരു താളവട്ടത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ടാണ് കയ്യിട്ടു മാറി നില്‍ക്കുന്നത് . താളവട്ടത്തിന്റെ അവസാനഭാഗതോടെ അടുത്ത മുദ്രയായ “വചനം” തുടങ്ങുന്നു . മെയ്യ് ഇടത്തേക്ക് ഉലഞ്ഞ് കൈ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമായി വട്ടത്തില്‍ ചുഴിച്ച് എടുത്ത് മുഖത്തിനു നേരെ വന്ന് കര്‍ത്തരീമുഖം പിടിക്കുന്ന്തോടെ “വചനം” മുദ്ര പൂര്‍ത്തിയാവുന്നു. ഈ സമയത്ത് കണ്ണിന്റെ ചലനങ്ങളും കൈ സഞ്ചരിക്കുന്ന ദിക്കില്‍ ദൂരത്ത്തായിട്ടായിരിക്കും എന്നതും ശ്രദ്ധിക്കുക . പിന്നെ ഇടതു കൈ കൊണ്ട് “ആല്‍” (വചനത്താല്‍ ) എന്ന മുദ്ര വലത്ത് നിന്നും ഇടത്തേക്ക് ഉലഞ്ഞ് കൊണ്ട് മുദ്രാഖ്യ മുദ്രയോടെ പൂര്‍ത്തിയാക്കുന്നു . ഉടന്‍ തന്നെ “അതിന്” എന്ന മുദ്രയും സമാനമായ ഉലച്ചിലൂടെ ഇടത്ത് നിന്നും വലത്തേക്ക് “സൂചീമുഖം” പിടിച്ച് പൂര്‍ത്തിയാക്കുന്നു . (താളവട്ടത്തിന്റെ അവസാനം)

അടുത്തത് “അലംഭാവം” എന്ന മുദ്രയാണ് . താളവട്ടത്തിന്റെ ആദ്യഭാഗത്ത് പിരകൊട്റ്റ് ഇരു കാലും സാവധാനം കുത്തി മാറി ഇടതുകാല്‍ മുന്നോട്ടാഞ്ഞു ചവിട്ടി , വലത്ത് നിന്നും ഇടത്തേക്ക് ഇരു കൈകളും ചുഴിച്ച് എടുത്തു (മെയ്യിന്റെ ചലനം ശ്രദ്ധിക്കുക . മെയ്യ് കയ്യിന്റെ കൂടെ തന്നെ . കണ്ണും അതിനോടൊപ്പം ), താഴേക്ക് അമര്‍ന്നിരുന്ന് മുന്‍പോട്ടു കെട്ടിച്ചാടുന്നതിനോടൊപ്പം കൈകള്‍ ഇരു വശത്തേക്കും ഇടുകയും , തുടര്‍ന്ന് ഇടതുകാല്‍ നീട്ടി വെച്ച് വലതുകാലില്‍ അമര്‍ന്നിരുന്ന് വലം / ഇടം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ച് (സ്ഥാനം ശ്രദ്ധിക്കുക - കളരിപ്പയറ്റില്‍ വാളും പരിചയും പിടിക്കുന്നത്‌ പോലെ ആണ് കൈകളുടെ സ്ഥാനം അപ്പോള്‍ ), വെച്ച് ഇരുത്തി ചുഴിച്ചു വന്ന് ഇരുകാലും കൂട്ടി നിവര്‍ന്ന്‍ നിന്നാണ്   “അലംഭാവം” എന്ന മുദ്ര തുടങ്ങുന്നത് . “അരുത്” എന്ന് മൃദുവായി കൈകള്‍ ഇരു വശത്തേക്കും ചലിപ്പിച്ച് കാട്ടിയതിനു ശേഷം വീണ്ടും ഇടതുകാല്‍ മുന്‍പോട്ടു വെച്ച് ചവിട്ടി ശക്തിയോടെ ““അരുത്” “അരുത്” “അരുത്” എന്ന് മൂന്നു വട്ടം കാണിച്ച് , പിന്നെ മുന്‍പോട്ടും പിന്‍പോട്ടും ഉള്ള മെയ്യിന്റെ ചലനത്തോടെയും “അരുത്” എന്നാ മുദ്ര പിടിച്ച സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തന്നെ കൈവരലുകള്‍ ഇളക്കിക്കൊണ്ട് “അരുത്” എന്ന് തുടര്‍ന്ന് കാണിക്കുകയും ഒടുവില്‍ ഒന്ന് കൂടി താഴ്ന്നു നിവര്‍ന്ന് ““അരുത്” എന്ന്‍ ശക്തിയായി കാണിച്ചാണ് “അലംഭാവം” എന്നാ മുദ്ര പൂര്‍ത്തിയാവുന്നത് .

ഏതാണ്ട് രണ്ടേകാല്‍ താളവട്ടം കൊണ്ടാണ് ഈ ഒരു മുദ്ര പൂര്‍ത്തിയാവുന്നത്.

കഥകളിയിലെ  “തൌര്യത്രിക ഭംഗി ” വിശദീകരിക്കുവാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്റെ “അലംഭാവം” എന്ന  ഈ ഒരു മുദ്ര മതി . നൃത്തവും നൃത്യവും നാട്യവും എല്ലാം ചേരും പടി ചേര്‍ന്ന് , അതിന്റെ സൂക്ഷ്മമായ അംശങ്ങളെപ്പോലും സ്പര്‍ശിച്ച് പ്രേക്ഷകന് അനുഭവവേദ്യമാക്കിത്തരുന്നു. “ഇനി ഇതുപോലെ  പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം” എന്ന വികാരത്തിന്റെ , തന്റെ ധര്‍മ്മബോധത്തില് അടിയുറച്ച ‍ ആത്മവിശ്വാസത്തോടുകൂടി  വീരസ്ഥായിയില്‍ ഉള്ള അര്‍ജ്ജുനനന്റെ “വിലക്കല്‍” ആണ് ഈ മുദ്രയുടെ സൂക്ഷ്മ അവതരണത്തിലൂടെ ആചാര്യന്മാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബാലസുബ്രഹ്മണ്യനെ പോലെ ഉള്ള നടന്മാരിലൂടെ അത് ആവിഷ്കൃതമാവുമ്പോള്‍ പ്രേക്ഷകര്‍ ഭാഗ്യം ചെയ്തവരും ആയിത്തീരുന്നു .

തുടര്‍ന്ന് “മനസി നീ വഹിച്ചാലും” എന്ന മുദ്രയാണ് .

മനസ്സിന്റെ മുദ്ര -  മുദ്രാഖ്യ മുദ്ര , നെഞ്ചിനു നടുക്കായി താഴേക്കു കമഴ്ത്തി പിടിച്ച് താഴേക്ക് രണ്ടു തവണ ചലിപ്പിച്ചു കൊണ്ടാണ് . മനസ്സ് തലച്ചോറില്‍ ആണെങ്കിലും കഥകളിയില്‍ മനസ്സിനെ ദ്യോതിപ്പിക്കുന്നത് നെഞ്ച് അല്ലെങ്കില്‍ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് എന്ന് കാണാം.  കാല്‍പ്പനികമായ സങ്കല്‍പം അതിന്റെ അവതരണം . അതുവഴി പ്രേക്ഷകന്റെ മനസ്സിലേക്ക് അനുഭവം പകരുക എന്നത് ഈ കൊച്ചു മുദ്രയില്‍ പോലുമുണ്ട് . അത് കാണിക്കുന്നതും ഗായകന്‍ “മനസി “ എന്ന് പാടുമ്പോഴോ പാടി അവസാനിപ്പിക്കുമ്പോഴോ തന്നെ ആണ് . മുദ്രയെ ഒരു വാക്കായി വിവര്‍ത്തനം ചെയ്യാന്‍ പ്രേക്ഷകന് സൗകര്യം ചെയ്യുന്ന അവതരണ രീതി . ആ താളവട്ടത്തിന്റെ അവസാനത്തോടെ “മനസി നീ “ എന്ന് പാടുകയും അതോടൊപ്പം “നീ” എന്നാ മുദ്രയും പൂര്‍ത്തിയാവുന്നു.

അടുത്ത മുദ്ര “വഹിച്ചാലും ഹന്ത “ എന്നാണു . അതിനു മുന്പായി കയ്യിട്ടു , കാല്‍ പിന്നോട്ട വെച്ച് മാറി പരത്തിച്ചവിട്ടി താന് നിന്ന് “വഹിച്ചാലും “ എന്ന മുദ്ര തുടങ്ങുന്നു .

വലതു കോണിലേക്ക് മെയ്യ് തിരിച്ച് വലതു കാലിലേക്ക് താണിരുന്നു ഇടതുകാലിലേക്ക് വലതു കാല്‍ കൂട്ടിക്കൊണ്ട് വരുന്നതിനൊപ്പം ഇരുകൈകളിലും മുദ്രാഖ്യ പിടിച്ചു “വഹിക്കുക ” (ധരിക്കുക  ) എന്നാ മുദ്ര പൂര്‍ത്തീകരിക്കുന്നു. ഒരാള്‍ക്ക്‌ ഒരു ധാരണ ഉണ്ടാകുന്നത് അയാള്‍ക്ക് ഇപ്പോള്‍ ഇല്ലാത്ത ഒന്നില്‍ നിന്നും ആണല്ലോ . അല്ലെങ്കില്‍ അയാളില്‍ ഇന്നും വളരെ അകലെ ഉള്ള ഒരറിവ്‌ . ആ അറിവിന്റെ വിദൂരതയും , അത് അറിയുമ്പോള്‍ അതിനോട് അയാള്‍ക്കുണ്ടാകേണ്ടുന്ന അടുപ്പവും ഈ മുദ്രയുടെ ചലനങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടി ഉണ്ടാക്കി എടുക്കുന്നു . മനസ്സിന്റെ മുദ്രയും മുദ്രാഖ്യ ആണെന്നതും ശ്രദ്ധിക്കുക . “വഹിക്കുക / ധരിക്കുക” എന്നിവയും മനസ്സിന്റെ ജോലി തന്നെ ആണല്ലോ . അത് കഴിഞ്ഞാല്‍ പിന്നോട്ട് കാല്‍ കുത്തി മാറി “വഹിച്ചാലും” എന്നതിലെ “ആലും” എന്നാ മുദ്ര ആണ് . മുഷ്ടി മുദ്ര ഇരു കൈകളിലും പിടിച്ചു തലയ്ക്കു മുകളി വിട്ട് പുരത്തുകൂടി മുകളില്‍ നിന്നും താഴേക്കു വലിച്ചെടുത്ത്‌ പൂര്‍വ്വസ്ഥാനത്ത് മുഷ്ടി പിടിക്കുന്നു. ഇതോടൊപ്പം നന്നായി താണിരിന്നു നിവരുകയും ചെയ്യുന്നു . അങ്ങിനെ “വഹിച്ചാലും “ പൂര്‍ത്തീകരിക്കുന്നു.  തുടര്‍ന്ന് താളവട്ടത്തിന്റെ അവസാനത്തോടെ മുന്‍പോട്ടു കാല്‍ നീക്കി വന്നു “ഹന്ത” എന്നാ മുദ്രയും അത്ഭുത ഭാവത്തോടെ ദ്യോതിപ്പിച്ച് അവസാനിപ്പിക്കുന്നു.

അടുത്ത താളവട്ടത്തിന്റെ ആദ്യ മാത്രകളില്‍ മുന്നോട്ടു ചവിട്ടി വന്നു വലത്തോട്ട് പരത്തി ചവിട്ടി “ചിലരത് ശ്രവിക്കുമ്പോള്‍ “ എന്നതില്‍ “ചിലര്‍” എന്ന മുദ്ര തുടങ്ങുന്നു . വലതു കയ്യില്‍ സൂചീമുഖം പിടിച്ചു ഇടതു നിന്നും വലതു വശത്തേക്ക് ചൂണ്ടി തിരിഞ്ഞു വന്നു ഇടതുകയ്യിലും സൂചീമുഖം പിടിച്ചു വലം ഇടം കൈകളിര് വശത്തും വൃത്താകൃതിയില്‍ കറക്കി , പിന്നെ വലതു കൈക് കൊണ്ട് ബഹുവചന മുദ്രയായ “അവര്‍” കാനിക്കുന്നതോടെ “ചിലര്‍” പൂര്‍ത്തീകരിക്കപ്പെടുന്നു. “ചിലര്‍” എന്നതിലെ ബഹുവചനം നൃത്താത്മകമായ അംഗചലനങ്ങളിലൂടെ ആവ്ഷകരിക്കുമ്പോള്‍ ആശയാവിഷ്ക്കാരത്തിലെ സൌന്ദര്യാത്മകതയില്‍ കഥകളി എത്രത്തോളം ബദ്ധശ്രദ്ധമാണെന്ന് നമുക്ക് ബോദ്ധ്യം വരുന്നു.
താളവട്ടത്തിന്റെ അവസാനത്തോടെ “ശ്രവിക്കുമ്പോള്‍ ഏറ്റം ”എന്ന മുദ്രകള്‍  തീരുന്നു. കര്‍ത്തരീമുഖ മുദ്ര ഇരു ചെവികളുടെയും വശത്ത് നിന്നും പിടിച്ചു കേട്ടതായി നടിച്ച് , “അപ്പോള്‍ “ എന്ന മുദ്രയും കൂടുന്നതോടെ “ശ്രവിക്കുമ്പോള്‍” പൂര്‍ത്തിയാവുന്നു . അവസാന മുദ്രയായി “ഏറ്റം” എന്നും കാട്ടുന്നു .

“ഞെളിഞ്ഞിടുന്നവര്‍ “ എന്നതിന് “അഹങ്കാരം കൊണ്ട് ഞെളിഞ്ഞിടുന്നവര്‍ എന്ന് ഒരു പ്രത്യേകം എടുത്തു പറയുന്ന രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . വലതുകൈ പൊക്കി മലര്‍ത്തി പിടിച്ചു , ഇടതു കയ്യില്‍ “അരാള “ മുദ്ര അകത്തേക്ക് തിരിച്ചു പിടിച്ചു നെഞ്ചിലേക്ക് കുത്തുന്ന രീതിയില്‍ ആണ് “അഹങ്കാരം “ എന്നാ മുദ്ര . സാമാന്യ ബുദ്ധിയില്‍ വളരെ എളുപ്പം തെളിയുന്ന ഒരു ആവിഷ്കരണം ആണ് ഇത് . അഹങ്കാരത്തോടു കൂടി എന്ന് കാണിച്ചിട്ട് , മുന്നോട്ടു കാലുകള്‍ വെച്ചു പരത്തി ചവിട്ടി വലതു കോണിലേക്ക് പതുക്കെ ചാടി മാറുന്നതോടെ “ഞെളിഞ്ഞിടുന്നവര്‍” എന്നതിനെ ആടി ഫലിപ്പിക്കുവാന്‍ തുടങ്ങുന്നു .

ഇവിടെയും വെറുതെ ഞെളിയുക മാത്രമല്ല ആടുന്നത് എന്നതും ശ്രദ്ധേയം ആണ് . ഇരു  കൈകളിലും ഉത്തരീയം പിടിച്ചു സ്വസ്ഥമായിരുന്നു, ഇടതുകാല്‍ പൊക്കി ഇരിപ്പിടത്തില്‍ വെച്ചു നിന്നു  , പ്രശംസകള്‍ കേള്‍ക്കുകയും , അത് കേട്ട് രസിക്കുകയും ,  അഹങ്കരിക്കുകയും , പിന്നെ ഞെളിയുകയും ചെയ്യുന്നവരെ ആണ് നടന്‍ പകര്‍ന്നാടുന്നത് . കഴിഞ്ഞ രണ്ടു താളവട്ടങ്ങളില്‍ വിശദമായി ആടിയ മുദ്രകളുടെ സംക്ഷിപ്തഭാവാവിഷ്കരണം ഈ ഒരു അവതരണത്തിലൂടെ പൂര്‍ത്തീകരിക്കുകയാണ് . ആദ്യം വലതു ഭാഗത്ത് ചെവിയോര്‍ത്ത് നിന്ന് പ്രശംസകള്‍ കേള്‍ക്കുകയും അതിനനുസരിച്ച് വര്‍ധിച്ചു വരുന്ന അഹങ്കാരം കാണിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ ഇടതു ഭാഗത്തും പിന്നീട് നേരെയും നോക്കി നടിക്കുന്നു. അഹങ്കാരം കൊണ്ടും അല്പത്തം കൊണ്ടും ഉള്ള ആ ഞെളിയല്‍ ആരോഹണക്രമത്തില്‍ അവതരിപ്പിക്കുന്നതില്‍ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു . മൂന്നു താളവട്ടങ്ങളില്‍ കൂടിയാണ് ഇത് അവതരിപ്പിക്കുന്നത് എന്നതും ഈ ഭാഗത്തിന്റെ സങ്കീര്‍ണ്ണതയെ വ്യക്തമാക്കുന്നു.

അടുത്ത രണ്ടു താളവട്ടങ്ങളിലൂടെ “ജളന്മാരെന്നത് നൂനം “ എന്ന് കാണിക്കുന്നു. ഇരുകൈകളിലും അര്‍ധചന്ദ്രം പിടിച്ചു അകത്തേക്കും പുറത്തേക്കും ഇളക്കി ചുരുക്കി വന്നാണ് “ജളന്മാര്‍” എന്നാ മുദ്ര  ഹാസ്യരസത്തിന്റെ പാരമ്യത്തോടെ അവതരിപ്പിക്കുന്നത് . ഒരു താളവട്ടത്തില്‍ അധികം “ജളന്‍” എന്നത് കാട്ടുവാനും രണ്ടാമത്തെ താളവട്ടത്തിന്റെ തുടര്‍ന്നുള്ള മാത്രകളില്‍ മാര്‍ എന്നത് നൂനം എന്ന് കാട്ടുകയും ചെയ്യുന്നു.

“ഛലമല്ല മഹാമതേ” എന്നാ ഭാഗമാണ് അടുത്തത് . ഇതില്‍ ഛലം എന്നാല്‍ കള്ളത്തരം ആണ് . ഒരു താളവട്ടത്തില്‍ കൂടുതല്‍ ഈ മുദ്രക്കായി ഉപയോഗിക്കുന്നു . ഇടം വലം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ചു , ഇടം കൈ മടക്കി വലതു ഭാഗത്തേക്കും , വലതു കൈ മടക്കി തിരശ്ചീനമായി പിടിച്ചും ഈ മുദ്ര തുടങ്ങുന്നു . കള്ളത്തരം കാട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന്‍ ഇരു വശത്തേക്കും നോക്കുന്ന ഭാവം വിശദമായി തന്നെ നടിച്ചിട്ടാണ് മുഷ്ടി മുദ്ര വിട്ട് ഹംസപക്ഷം മുദ്ര പിടിച്ചു , അത് വിറപ്പിച്ചു കൊണ്ട് ഇരുകൈകളും കൂട്ടി, ക്രോധം നടിച്ചു “ഛലം” എന്ന മുദ്ര പൂര്‍ത്തിയാക്കുന്നു . നൃത്ത്യം എന്നതിന്റെ പൂര്‍ണ്ണതയും സൂക്ഷ്മതയും ഈ മുദ്രയിലൂടെയും ഇവിടെ വെളിവാക്കപ്പെടുന്നു .രണ്ടാം താളവട്ടത്തിന്റെ ശേഷിക്കുന്ന മാത്രകളില്‍ “അല്ല” എന്നും “മഹാമതേ” എന്നും കാണിക്കുന്നതോടെ “സലജ്ജോഹം” ത്തിന്റെ ആദ്യ ചരണത്തിന്റെ അവതരണം പൂര്‍ത്തിയാവുകയും കലാശിക്കുകയും ചെയ്യുന്നു .

കഥകളി എന്ന മൂര്‍ത്തമായ ദൃശ്യകലയുടെ അന്തസത്തയായ തൌര്യത്രികഭംഗിയുടെ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നാട്യധര്‍മ്മിയായ അവതരണം ആണ് “സലജ്ജോഹം” എന്നാ പതിഞ്ഞ പദം . അഭ്യാസത്തികവും , മെയ്യ്വഴക്കവും , ഉറച്ച ചൊല്ലിയാട്ടവും , വേഷഭംഗിയും തികഞ്ഞ നടന്മാര്‍ അവതരിപ്പിക്കുമ്പോള്‍ പാമരര്‍ക്കുപോലും പതിഞ്ഞപദം കണ്ണിനും മനസ്സിനും ഉത്സവമായിത്തീരുന്നു . അത് പ്രേക്ഷകന്റെ മനസ്സിനെ അഭൌമമായ ഒരു തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു .

കഥകളിയില്‍ നടപ്പില്‍ ഉള്ള പതിഞ്ഞ പദങ്ങളില്‍ ഒട്ടുമിക്കതും സ്ഥായിയായ  ശൃംഗാരരസത്തിനു പ്രാമുഖ്യം നല്കിയതാണ് എങ്കില്‍ "സലജ്ജോഹം" അവിടെയും വേറിട്ട്‌ നില്‍ക്കുന്നു . ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് പറയുന്ന ഭാഗം ആണ് ഇവിടെ എല്ലാ ഭാവതലങ്ങളും ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കുഅത് എന്നാ പ്രത്യേകതയും ഇതിനുണ്ട് . 

ഫോട്ടോ : കടപ്പാട് : ശ്രീ ഹരീഷ് എന്‍  നമ്പൂതിരി